കൊച്ചി: വിവിധോദ്ദേശ തൊട്ടിലുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിലെ വിദ്യാർത്ഥികൾ കൊച്ചി ഡിസൈൻ വീക്കിൽ. തൊട്ടിൽ ആയി ഉപയോഗിക്കാവുന്നതും ശേഷം കളിപ്പാട്ടവും പിന്നീട് ട്രോളി ബാഗും ആക്കി ഉപയോഗിക്കാവുന്ന നൂതന ആശയവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. ആടുംകസേരയുടെ മാതൃകയിലാണ് കെ.എസ്.ഐ.ഡിയിലെ വിദ്യാർത്ഥികൾ തൊട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു വർഷത്തോളം തൊട്ടിലായി ഉപയോഗിക്കാം. പിന്നീട് കുഞ്ഞു വലുതാകുന്നതിനൊപ്പം ആടുംകുതിരയായി ഉപയോഗിക്കാനാകും വിധം മാറ്റാവുന്ന തരത്തിലാണിതിന്റെ ഡിസൈനെന്ന് വിദ്യാർത്ഥി അമിത് പോൾ പറഞ്ഞു.
കുഞ്ഞ് വലുതാകുന്നതോടെ ഈ തൊട്ടിൽ സ്യൂട്ട് കേസ് ആയി മാറ്റാനാകും. അത്യാവശ്യ സന്ദർഭങ്ങളിൽ ഇത് ട്രോളി ബാഗായി ഉപയോഗിക്കാവുന്ന രീതിയിൽ ചക്രങ്ങളും അടച്ചുറപ്പ് സംവിധാനവും തൊട്ടിലിനൊപ്പം നൽകും.
ഇതു കൂടാതെ കുട്ടികളെ ആകർഷിക്കുന്ന നിരവധി ഗെയിമുകളും ഇവിടുത്തെ വിദ്യാർത്ഥികൾ ഡിസൈൻ ചെയ്തിട്ടുണ്ട്. പൈറേറ്റ്‌സ് ഒഫ് അറേബ്യൻ സീ എന്ന പകിടകളി. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുൾപ്പെടെ ചർച്ച ചെയ്ത സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ദ്ധരുൾപ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശേരിയിലെ ടെക്‌നോളജി ഇനോവേഷൻ സോൺ, ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈൻ വീക്ക് ഇന്നലെ അവസാനിച്ചു.