കോതമംഗലം: നഗരസഭയിൽ ടൗൺ, തങ്കളം, ഹൈറേഞ്ച് ബസ് സ്റ്റാൻഡുകളിൽ ബസുകളുടെ പ്രവേശനം, സ്റ്റാൻഡിലെ പാർക്കിംഗ് സമയം,​ നഗരത്തിലെ ഗതാഗത തടസം ഒഴിവാക്കൽ എന്നിവ ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ബസുകൾ വിവിധ സ്റ്റാൻഡുകളിൽ പ്രവേശിക്കേണ്ട രീതികൾ: കിഴക്ക് നിന്ന് വരുന്ന ബസുകൾ ഹൈറേഞ്ച് സ്റ്റാൻഡ്,​ ടൗൺ സ്റ്റാൻഡ് എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കി തങ്കളം സ്റ്റാൻഡിൽ പാർക്ക് ചെയ്യുക. പടിഞ്ഞാറ് ഭാഗത്തു നിന്ന് വരുന്ന ബസുകൾ ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് ഹൈറേഞ്ച് സാൻഡിൽ പാർക്ക് ചെയ്യുക, വടക്ക് നിന്ന് വരുന്ന ബസുകൾ മലയിൻകീഴ് ബൈപാസ് കോഴിപ്പിള്ളി കവല വഴി ഹൈറേഞ്ച് സ്റ്റാൻഡ്,​ ടൗൺ സ്റ്റാൻഡ് വഴി തങ്കളം സ്റ്റാൻഡിൽ പാർക്ക് ചെയ്യുക. കോതമംഗലത്ത് നിന്ന് ചേലാട് ഭാഗത്തേക്ക് യാത്ര തുടങ്ങുന്ന ബസുകൾ തങ്കളം സ്റ്റാൻഡിൽ നിന്ന് ടൗൺ സ്റ്റാൻഡിൽ എത്തി എ.എം റോഡ് വഴി ഹൈറേഞ്ച് ജംഗ്ഷനിൽ തിരിഞ്ഞുപോകുക. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ ഹൈറേഞ്ച് സ്റ്റാൻഡിൽ നിന്ന് തുടങ്ങി ടൗൺ സ്റ്റാൻഡിലെത്തി പോകുക. ഹ്രസ്വദൂര ബസുകൾ പരമാവധി മൂന്ന് മിനിറ്റും ദീർഘദൂര ബസുകൾ 5 മിനിറ്റും മാത്രമേ ടൗൺ സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ പാടുള്ളൂ. ദീർഘദൂര ബസുകൾ അതാത് സ്റ്റാൻഡുകളിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, കെ.എ.നൗഷാദ്, കെ.വി.തോമസ്, രമ്യ വിനോദ് , ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, അൻസൽ ഐസക്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഇബ്രാഹിംകുട്ടി, പൊലീസ് ഇൻസ്‌പെക്ടർ ഏല്യാസ് ജോർജ്, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഉമ്മൻ മാത്യു, സി.പി. സാമുവൽ, സി.ബി. നവാസ്, ജോജി ഇടാട്ട്, കുഞ്ഞിതൊമ്മൻ, കെ.പി.സാജു തുടങ്ങിയവർ പങ്കെടുത്തു.