കുറുപ്പംപടി : എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് ഇൻസ്‌പെയർ പെരുമ്പാവൂർ എം.എൽ.എ അവാർഡ് ദാന ചടങ്ങ് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിന് നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് അടിസ്ഥാനത്തിലാകും സമിതികൾ. ജനപ്രതിനിധികളും സ്കൂൾ അധികൃതരും സമിതിയിൽ ഇടംപിടിക്കും.
വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ ഒ. ദേവസി (സഹകരണ രംഗം ), പവിഴം ജോർജ് (വ്യവസായം ), എം.എൻ.ബാലകൃഷ്ണൻ (വിദ്യാഭ്യാസം), ഡോ. എൽദോ വൈദ്യൻ (ആയുർവേദ ചികിത്സ), മേരി എസ്തപ്പാൻ (സാമൂഹ്യ പ്രവർത്തനം ), സാബു പാത്തിക്കൽ ( മാസ്റ്റേഴ്സ് സ്പോർട്സ് ) എന്നിവരെ ആദരിച്ചു. 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.
ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ് മുഖ്യാതിഥിയായി. പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, കൂവപ്പടി ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസ്, അറക്കപ്പടി ജയ്ഭാരത് കോളേജ് പ്രിൻസിപ്പൽ ഡോ.ഷമീർ കെ. മുഹമ്മദ്, വാർഡ് അംഗം എം.ഒ ജോസ് തുടങ്ങിയവർ പങ്കെടുത്തു.