കൊച്ചി: പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിഭാവനംചെയ്ത അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസിന് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴിലുള്ള ഗ്രീൻഫീൽഡ് പാതയായാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. ദേശീയപാത 66ൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള സ്ഥലങ്ങളിലെ തിരക്കൊഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദേശീയപാത 544ന് തുടർച്ചയെന്ന രീതിയിൽ ആരംഭിക്കുന്ന ബൈപ്പാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെയായിരിക്കും കടന്നുപോകുന്നത്. നിലവിലെ ദേശീയപാതയിൽനിന്ന് 10 കിലോമീറ്ററിനുള്ളിൽ 17 വില്ലേജുകളിലൂടെയാണ് ബെപ്പാസ് കടന്നുപോകുന്നത്. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ബൈപ്പാസിന്റെ പ്രാഥമിക അലൈൻമെന്റ് തയ്യാറാക്കിക്കഴിഞ്ഞു. വിവരങ്ങൾ റവന്യൂവകുപ്പിന് കൈമാറിയശേഷം സർവേ നമ്പറുകൾ പരിശോധിച്ച് 3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത 66 സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. 50 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന നീളം.