 
ആലുവ: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റും ജുഡീഷ്യറിയും എക്സിക്യുട്ടീവുമെല്ലാം പണത്തിന്റെ സ്വാധീനത്തിൽ സാധാരണക്കാരനിൽനിന്ന് അകലുകയാണെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു.
തോട്ടുമുഖം ശ്രീനാരായണ സേവികാസമാജത്തിൽ 3.10കോടിരൂപ ചെലവിൽ കുട്ടികൾക്കായി നിർമ്മിച്ച കെട്ടിടം 'ഉഷസ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കനത്ത മൂലധനം കൈവശം വച്ചിരിക്കുന്ന കോർപ്പറേറ്റുകളുടെ അധീനതയിലാണ് ഭരണകൂടങ്ങൾ. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരെയും കീഴടക്കുകയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ നാം ആഗ്രഹിച്ചിരുന്നത് എല്ലാ മതങ്ങളും സ്നേഹത്തോടെ കഴിയുന്ന മഹത്വപൂർണമായ സമൂഹത്തെയാണ്. നാനാത്വത്തിൽ ഏകത്വം സൃഷ്ടിക്കാനാണ് നാം മനോഹരമായ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഭരണഘടനയുടെ ആമുഖത്തിലുള്ള ഡെമോക്രസിയും സോഷ്യലിസവുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യം എത്ര മനോഹരമാണെങ്കിലും അതിന്റെ പ്രായോഗികത വികലമാക്കുകയാണ്.
ഏതെങ്കിലും മതത്തിന് മാത്രമായി രാജ്യത്തെ മാറ്റിവയ്ക്കരുത്. അത് രാജ്യത്ത് ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തും. കലാപത്തിന് വഴിയൊരുക്കും. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടും. എത്ര അഗതി മന്ദിരങ്ങൾ ഉണ്ടായാലും മതിയാവില്ലെന്നും എം.എൽ.എ പറഞ്ഞു. സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ ഡോ. കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി.
സ്വാമി അസ്പർശാനന്ദ, സി.എച്ച്. മുസ്തഫ മൗലവി, സിസ്റ്റർ ഡോ. ശാലിനി, ജസ്റ്റിസ് കെ. സുകുമാരൻ, അൻവർ സാദത്ത് എം.എൽ.എ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. സുമിത, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് സുമോദ് മണി, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കെ.കെ. നാസി എന്നിവർ സംസാരിച്ചു.
ശ്രീനാരായണ സേവികാസമാജം സെക്രട്ടറി അഡ്വ. വി.പി. സീമന്തിനി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കാർത്തിക സുകുമാരൻ നന്ദിയും പറഞ്ഞു.
സന്തോഷകരമായ അനുഭവം
ആലുവ: ശ്രീനാരായണ ഗിരിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലും സദസിലും എല്ലാ മതവിഭാഗത്തിൽപ്പെട്ടവരെയും കാണാൻ കഴിയുന്നത് സന്തോഷകരമായ അനുഭവമാണെന്നും ഇത് ശ്രീനാരായണ ഗുരുവിനോടുള്ള വലിയ ബഹുമാനമാണെന്നും ഉദ്ഘാടക കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. ഗുരുദേവനോട് ആദരവ് പ്രകടിപ്പിക്കണമെങ്കിൽ ശ്രീനാരായണീയരുടെ യോഗത്തിൽ എല്ലാ മതവിഭാഗവും ഉണ്ടാകണം. ഒരു മതവിഭാഗം മാത്രമായാൽ എന്തോ പോരായ്മയുണ്ടെന്ന വികാരമുണ്ടാകും. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ കാണാനാണ് ഗുരുദേവൻ സമൂഹത്തെ പഠിപ്പിച്ചത്. ഗുരുവിനോടുള്ള ഭക്തി കാണിക്കുമ്പോൾ ഇക്കാര്യം നാം ഓർക്കണം. ഗുരുവിന്റെ പാദസ്പർശമേറ്റ ശ്രീനാരായണഗിരിയിലെ മണ്ണ് നിരവധി പാവങ്ങളുടെ അഭയകേന്ദ്രമായെന്നും എം.എൽ.എ പറഞ്ഞു.