കൊച്ചി: കാർഷിക ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ ധനസഹായത്തോടെ ആരംഭിക്കുന്ന ആറ് പ്രീമിയം ചില്ലറ വില്പനശാലകൾ ജില്ലയ്ക്ക് അനുവദിച്ചു. കൃഷിവകുപ്പ് ഈ സാമ്പത്തികവർഷം നടപ്പാക്കുന്ന കൃഷിയിടാധിഷ്ഠിത ഉത്പാദനപദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന 60 വില്പനശാലകളിൽ ഉൾപ്പെടുന്നതാണിവ. ബ്രാൻഡഡ് കാർഷിക ഉത്പന്നങ്ങളാണ് വിൽക്കുക.
ജൈവ ഉത്പന്നങ്ങളും നല്ല കാർഷികമുറകൾ പാലിച്ച് ഉത്പാദിപ്പിച്ച പഴം, പച്ചക്കറികളുമാണ് ലഭിക്കുന്നത്. 'കൃഷിയിടാധിഷ്ഠിത ഉത്പാദന പദ്ധതിയിൽ രൂപീകരിക്കുന്ന കാർഷികോല്പാദക സംഘടനകൾ, നിലവിലെ കാർഷികോൽപ്പാദക കമ്പനികൾ, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഇത്തരം വിപണനകേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിപ്പിക്കുന്ന സന്നദ്ധസംഘടനകൾ, കുടുംബശ്രീ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് വില്പനശാലകൾ ആരംഭിക്കാം. പദ്ധതികൾ ജില്ലാ കൃഷി ഓഫീസർക്ക് നൽകണം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ നിരക്കിൽ വില്പനശാലയുടെ അടിസ്ഥാനസൗകര്യത്തിനായി ചെലവഴിക്കുന്ന തുകയുടെ പകുതിയാണ് സാമ്പത്തികസഹായമായി ലഭിക്കുത്.
ബില്ലുകളും വൗച്ചറുകളും അടിസ്ഥാനമാക്കി റീഇമ്പേഴ്‌സ്‌മെന്റ് രീതിയിലാകും സബ്‌സിഡി ലഭിക്കുക. നിലവിൽ ചെറിയതോതിൽ വിപണനം നടത്തുന്ന കർഷക ഗ്രൂപ്പുകൾക്കാണ് പ്രീമിയം വില്പനശാലകളിലേക്ക് മാറുമ്പോൾ അധികമായി ചെലവഴിക്കുന്ന തുകയ്ക്ക് സബ്‌സിഡി നൽകുക.