a

തൃക്കാക്കര: 20 വർഷം പൂർത്തിയാക്കിയ 70 വയസുള്ള അംഗങ്ങൾക്ക് വാർഷിക വാർദ്ധക്യ പെൻഷൻ നൽകാനും അംഗങ്ങൾക്കു മരണണാനന്തര സഹായമായി 10000 രൂപ നൽകുന്ന മരണ സഹായനിധി രൂപീകരിക്കാനും അയ്യനാട് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം അംഗീകാരം നൽകി.

75 വയസായ അംഗങ്ങൾക്ക് 1250 രൂപ കിട്ടിയിരുന്ന വാർഷിക വാർദ്ധക്യ പെൻഷൻ 1300 രൂപയാക്കി ഉയർത്താനും തീരുമാനിച്ചു. സഹകരണ ബാങ്കിന്റെ നീതി ലാബ് കളക്ഷൻ സെന്റർ കാക്കനാട് ബ്രാഞ്ചിൽ ആരംഭിക്കാൻ പൊതുയോഗം അംഗീകാരം നൽകി. അംഗങ്ങളായവർക്ക് ലാബ് ടെസ്റ്റുകളിൽ 10 ശതമാനം ഇളവ് നൽകും. പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ പുരസ്കാരവും കാഷ് അവാർഡും നൽകി. മൂന്ന് സ്കൂളുകൾക്ക് ഉച്ചഭക്ഷണ പദ്ധതിക്ക് 25000 രൂപ വീതം ചടങ്ങിൽ വിതരണം ചെയ്തു. അംഗങ്ങളായ രോഗബാധിരായവർക്കുള്ള ചികിത്സാ സഹായവും ചടങ്ങിൽ വിതരണം ചെയ്തു.

മാരക രോഗബാധിതർക്കുള്ള ചികിത്സാ സഹായത്തിന് 25000 രൂപ നൽകാനും തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.കെ. വാസുദേവൻ സ്വാഗതവും ബാങ്ക് സെക്രട്ടറി സി.ബി. ജലജകുമാരി നന്ദിയും പറഞ്ഞു.