കൊച്ചി: ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നയിക്കുന്ന പദയാത്ര 21, 22 തീയതികളിൽ നടക്കും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷിന്റെ നേതൃത്വത്തിൽ
യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യ സുധീഷ്, എംപ്ളോയീസ് ഫോറം ഭാരവാഹികളായ സുരേഷ്, അജയ് രാജ്, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി, സെക്രട്ടറി ഉമേശ്വരൻ, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, സെക്രട്ടറി സനോജ് ശാന്തി എന്നിവർ പദയാത്രയോടൊപ്പം ഉണ്ടാകും.
21ന് രാവിലെ എട്ടിന് വടുതല ശാഖായോഗത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. വിവിധ ശാഖകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് എരൂർസൗത്ത് ശാഖയിൽ ആദ്യദിവസത്തെ പര്യടനം സമാപിക്കും.
22ന് രാവിലെ 7.30ന് പുനരാരംഭിക്കുന്ന പദയാത്ര ഇരുപതോളം ശാഖകളുടെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് ആറിന് പൂത്തോട്ടയിലെത്തും. ഇവിടെയാണ് സമാപന സമ്മേളനം.
വിവിധ ശാഖകളിലെ സ്വീകരണങ്ങളിൽ ശാഖാ ഭരണസമിതി അംഗങ്ങൾ, പോഷകസംഘടനാ, കുടുംബയൂണിറ്റ്, സ്വയംസഹായസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഓരോ ശാഖയിലെയും പര്യടനത്തിൽ അതത് ശാഖകളിലെ നൂറുകണക്കിന് പ്രവർത്തകർ പദയാത്രയെ അനുഗമിക്കും.