കൊച്ചി: അഭിഭാഷകരുടെ വാദങ്ങളെ മാത്രമല്ല ഉശിരൻ ഓവറുകളെയും നേരിടാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് ഹൈക്കോടതി ജഡ്ജിമാർ തെളിയിച്ചു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച എസ്.വി.എസ് അയ്യർ ഫ്രറ്റേണിറ്റി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഏഴുവിക്കറ്റിനാണ് ജഡ്‌ജിമാരുടെ ടീം അഭിഭാഷകരുടെ ടീമിനെ പരാജയപ്പെടുത്തിയത്. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ, സമന്വയ, ഹൈക്കോർട്ട് ക്ളാർക്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ ലോർഡ്‌സ് ഇലവനും അഭിഭാഷകരുടെ പ്രസിഡന്റ്സ് ഇലവനുമാണ് ഏറ്റുമുട്ടിയത്.
ടോസ് നേടിയ പ്രസിഡന്റ്സ് ഇലവൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽത്തന്നെ പന്ത് ബൗണ്ടറി കടത്തിയ അഡ്വ. പി.കെ. സജീവിനെ ജസ്റ്റിസ് സിയാദ് റഹ്മാൻ ക്ളീൻ ബൗൾഡാക്കിയതായിരുന്നു ആദ്യ വിക്കറ്റ്. തുടർന്ന് ബാറ്റ് ചെയ്യാനെത്തിയ മൂന്നുപേർ പരിക്കേറ്റതിനെത്തുടർന്ന് പിൻവാങ്ങി. ഒടുവിൽ ആറ് ഓവറിൽ 53 റൺസിന് പ്രസിഡന്റ്സ് ഇലവന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ലോർഡ്‌ഡ് ഇലവന് മൂന്നുറൺസിന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെയും രണ്ടുറൺസിന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഉജ്ജ്വല ഫോമിലായിരുന്നു. 13 പന്തുകളിൽനിന്ന് അഞ്ചു സിക്‌സും രണ്ട് ഫോറുമുൾപ്പെടെ 41 റൺസ് നേടി അദ്ദേഹം വിജയശില്പിയായി. രണ്ട് ഓവർ ബാക്കിനിൽക്കെ ഏഴുവിക്കറ്റിന് ലോർഡ്‌സ് ഇലവൻ വിജയം നേടി.
ജസ്റ്റിസ് രാജ വിജയരാഘവനാണ് മാൻ ഒഫ് ദി മാച്ച്. ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ലോർഡ‌്സ് ഇലവനിൽ ജസ്റ്റിസുമാരായ ഷാജി പി. ചാലി, ഡോ. കൗസർ എടപ്പഗത്ത്, കെ. ബാബു, ബെച്ചു കുര്യൻ തോമസ്, സി.എസ്. ഡയസ് തുടങ്ങിയവരുമുണ്ടായിരുന്നു.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്ന എസ്. വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ടൂർണമെന്റിൽ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും വനിതാ അഭിഭാഷകരുടെയും ക്ളാർക്കുമാരുടെയും ടീമുകൾ പങ്കെടുത്തിരുന്നു. ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയയുടെ എ ടീമാണ് കപ്പ് സ്വന്തമാക്കിയത്. ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ നേതൃത്വത്തിലുള്ള ടീം റണ്ണർ അപ്പായി. ലോർഡ്‌സ് ഇലവനാണ് സെക്കൻഡ് റണ്ണർ അപ്പ്.