കൊച്ചി: സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന സംവരണം സാമൂഹികനീതിക്ക് വിരുദ്ധമാണെന്നും കേരളം അതിൽനിന്ന് പിൻവാങ്ങണമെന്നും ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ ദളിത് സമുദായ മുന്നണി രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയേക്കാൾ ഉയർന്ന തോതിൽ സമസ്തമേഖലയിലും പ്രാതിനിദ്ധ്യമുള്ള സമ്പന്നവിഭാഗങ്ങൾക്ക് വീണ്ടും അവസരം നൽകുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനായി സ്വീകരിച്ച മാനദണ്ഡം 8 ലക്ഷംരൂപ വാർഷിക വരുമാനവും 5 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയുമാണ്. വരുമാനനികുതി നൽകുന്ന മുന്നാക്ക വിഭാഗത്തിനുപോലും സാമ്പത്തികസംവരണം നൽകുന്ന നടപടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദളിത് വിഭാഗങ്ങളെ കൂടുതൽ അവഗണിക്കുന്ന മനുഷ്യത്വവിരുദ്ധ നടപടിയാണ്. 103-ാം ഭരണഘടനാ ഭേദഗതി അംഗീകരിച്ച സുപ്രീംകോടതി മുന്നാക്ക സംവരണം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിച്ചിട്ടില്ല. അത് സംസ്ഥാനത്തിന്റെ വിവേചനാധികാര പരിധിയിലുള്ള വിഷയമാകയാൽ ഇതിൽനിന്ന് കേരളം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദളിതരെ സവിശേഷമായി ഉൾക്കൊള്ളാത്ത പ്രാതിനിദ്ധ്യ ജനാധിപത്യ രാഷ്ട്രീയ നിലപാടുള്ള എല്ലാ പാർട്ടികളോടും തുല്യഅകലം പാലിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് , ട്രഷറർ ടി.എൻ. ഹരികുമാർ, ബിജോയ് ഡേവിഡ്, മണികണ്ഠൻ കാട്ടാമ്പള്ളി , ആർ. അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.