കൊച്ചി: വൻ വാഗ്ദാനങ്ങൾ നൽകി കൊട്ടിഘോഷിച്ച് ആരംഭംകുറിച്ച ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് പദ്ധതി അകാല ചരമം പ്രാപിക്കുന്നു. പദ്ധതിയെ സംബന്ധിച്ച് അധികൃതർക്ക് യാതൊരു ധാരണയുമില്ല.
പ്രദേശവാസികൾക്ക് വൻ വാഗ്ദാനങ്ങൾ നൽകിയാണ് ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്കിന് സ്ഥലം ഏറ്റെടുത്തത്. കേരളത്തെ ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ മാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പദ്ധതിക്കായി ഏറ്റെടുത്ത 100 ഏക്കർ നെൽവയൽ കാടുകയറി നശിക്കാൻ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ട് പിന്നിടുന്നു
ഇലക്ട്രോണിക്സ് പാർക്ക്
ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ ഉത്പന്നങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കുമെന്ന വാഗ്ദാനത്തോടെയാണ് പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2005ൽ പദ്ധതി പ്രഖ്യാപനം നടന്നു.
2010ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി. ആമ്പല്ലൂർ, ചിറയ്ക്കൽ, മാന്തുരുത്ത്, ഉദയംപേരൂരിലെ പുത്തൻകാവ് എന്നിവിടങ്ങളിൽനിന്ന് തുടക്കത്തിൽ 540 കർഷകരിൽ നിന്നായി 334 ഏക്കർഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഒടുവിൽ ഇത് 100 ഏക്കറായി ചുരുക്കി. 107 പേരിൽ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. ഇതുവരെ 54.47 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവാക്കി. സ്ഥലം വിട്ടു നൽകിയവർക്ക് പൊന്നും വില പ്രകാരം സെന്റിന് 60,000 രൂപയായിരുന്നു വാഗ്ദാനം. 12 പേർക്ക് മുഴുവൻ തുകയും 8 പേർക്ക് 50 ശതമാനവും നൽകി. ബാക്കിയുള്ളവർക്ക് പണം നൽകിയിട്ടില്ല. സ്ഥലത്തിന്റെ ആധാരം സർക്കാരിന്റെ കൈയിലായതിനാൽ ഉടമകൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. 600 കോടി മുതൽമുടക്കിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നതായിരുന്നു വാഗ്ദാനങ്ങളിൽ പ്രധാനം.
സ്ഥലം നൽകി ദുരിതം വാങ്ങിയവർ
പദ്ധതിയുടെ സ്ഥലമെടുപ്പ് തുടങ്ങിയപ്പോൾ തന്നെ വിവാദങ്ങളും ഉയർന്നു. പരിസ്ഥിതി പ്രശ്നങ്ങളായിരുന്നു വിവാദങ്ങൾക്കുള്ള പ്രധാന കാരണം.
മൂന്നുതവണ റീസർവേ നടത്തി. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ തരിശുകിടക്കുന്ന ചതുപ്പ് ഉൾപ്പെടെയുള്ള ഭൂമിയിൽ മരങ്ങൾ വളർന്ന് കാടുകയറി. വെള്ളക്കെട്ടും വിഷജന്തുക്കളുടെ ശല്യവും മൂലം ഇതിനിടയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ഇപ്പോൾ ദുരിതപൂർണമാണ്. തെങ്ങ്, കമുക്, വാഴ എന്നിവ കൃഷി ചെയ്തിരുന്ന സ്ഥലമാണ് പലരും വിട്ടു നൽകിയത്.
ഏറ്റെടുത്തിരിക്കുന്ന ഭൂമി ചതുപ്പായതിനാൽ പാർക്ക് ആരംഭിക്കാൻ കഴിയില്ലെന്നാണ് മന്ത്രി പി. രാജീവ് രേഖാമൂലം മറുപടി നൽകിയത്. ചതുപ്പ് നിലമല്ലാത്ത സ്ഥലത്ത് പാർക്ക് ആരംഭിക്കണം. ചതുപ്പ് പരിസ്ഥിതി സൗഹൃദ മേഖലയായി നിലനിറുത്തണം. പദ്ധതി നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനൂപ് ജക്കബ് എം.എൽ.എ
കൃഷി ചെയ്തിരുന്ന സ്ഥലമാണ് സർക്കാർ ആവശ്യപ്പെട്ട പ്രകാരം വിട്ടുനൽകിയത്. ഒന്നുകിൽ ഇലക്ട്രോണിക്സ് പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കണം. അല്ലാത്തപക്ഷം സ്ഥലം വിട്ടുനൽകിയ എല്ലാവർക്കും നഷ്ടപരിഹാരം നൽകണം. പാർക്കിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം കത്ത് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
പി.എ. രാജൻ, പൂത്തോട്ട