
കൊച്ചി: ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ കുറ്റകരമായ അലംഭാവവും കെടുകാര്യസ്ഥതയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉപഗ്രഹസർവേ നടത്തി ഭൂപടം നൽകിയാൽ സുപ്രീംകോടതിയിൽ തിരിച്ചടി നേരിടേണ്ടിവരും. ജനാനുകൂലമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സിൽവർലൈൻ പ്രക്ഷോഭംപോലെ കോൺഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കും.
ഉമ്മൻചാണ്ടി സർക്കാരെടുത്ത തീരുമാനം പിണറായി സർക്കാർ തിരുത്തിയതാണ് കേരളത്തെ വേട്ടയാടുന്നത്.
ജനവാസമേഖലകളെ ബഫർസോണിൽനിന്ന് പൂർണമായും ഒഴിവാക്കാൻ 2013ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ച് കേന്ദ്രത്തെ അറിയിച്ചു. എന്നാൽ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകാൻ 2016ൽ അധികാരമേറിയ പിണറായി സർക്കാർ തയ്യാറായില്ല. 2018ൽ തീരുമാനം റദ്ദായി. ഒരു കിലോമീറ്റർ ബഫർസോണായി പ്രഖ്യാപിക്കണമെന്ന് 2019ൽ പിണറായി സർക്കാർ കേന്ദ്രത്തെ അറിയിച്ചു.
സംസ്ഥാന തീരുമാനമനുസരിച്ചാണ് ബഫർസോൺ നിശ്ചയിച്ചതെന്ന് 2021ൽ വനംമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കർ പാർലമെന്റിൽ മറുപടി നൽകിയിട്ടുമുണ്ട്.
വനവിസ്തൃതി 21 ശതമാനമാണ് ദേശീയ ശരാശരിയെങ്കിൽ, 30 ശതമാനംവരെ കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സ്ഥലവും കേരളമാണ്. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയാൽ ഒരുകിലോമീറ്റർ ബഫർസോണിൽനിന്ന് ജനവാസകേന്ദ്രങ്ങളെ സുപ്രീംകോടതി ഒഴിവാക്കും. ഇതിനായി മാനുവൽ സർവേ നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളോ കൃഷിയിടങ്ങളോ പട്ടണങ്ങളോ ഉണ്ടെന്ന് തെളിയിക്കാൻ ഉപഗ്രഹസർവേ പര്യാപ്തമല്ല.
യുദ്ധകാലാടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ജപ്രതിനിധികളുടെയും യോഗംവിളിച്ച് താലൂക്ക് തലത്തിൽ മാനുവൽ സർവേ നടത്തണം.
സി.കെ. ശ്രീധരൻ ചെയ്തത് നീതികേട്
പെരിയയിൽ കൊല്ലപ്പെട്ട കെ.എസ്.യു പ്രവർത്തകരുടെ മാതാപിതാക്കളോട് വാദിക്കാമെന്ന് പറഞ്ഞ് രേഖകളൊക്കെ വാങ്ങിയ സി.കെ. ശ്രീധരൻ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് ധാർമ്മികതയല്ല. പൊറുക്കാനാവാത്ത തെറ്റും നീതികേടുമാണ്. കൊല്ലപ്പെട്ടവരെ വീണ്ടും കൊലപ്പെടുത്തുന്നതിന് തുല്യമാണത്.
ബഫർസോണിൽ ഒളിച്ചുകളിക്കരുത്: ചെന്നിത്തല
ബഫർ സോൺ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നത്തല പറഞ്ഞു. സർക്കാരിനെതിരായ യു.ഡി.എഫ് ജനകീയ പ്രക്ഷോഭം 20ന് കോഴിക്കോട് കൂരച്ചുണ്ടിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശങ്കയുണ്ട്. അശാസ്ത്രീയ ഉപഗ്രഹ സർവേയെക്കുറിച്ച് പരാതി ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിക്കേണ്ടിയിരുന്നു. പകരം ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ സർക്കാർ സങ്കീർണമാക്കി.
പരിസ്ഥിതിലോല മേഖലയിൽ പഞ്ചായത്ത്തല വിദഗ്ദ്ധ സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേയും പഠനവും നടത്തി റിപ്പോർട്ട് തയാറാക്കണം. ബഫർസോൺ നിർണയിക്കുമ്പോൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശമുണ്ട്. എന്നാൽ ആനുകൂല്യം പൂർണമായും ലഭിക്കണമെങ്കിൽ കുറ്റമറ്റ റിപ്പോർട്ട് തയ്യാറാക്കേണ്ടിയിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബഫർ സോണിൽ അഹന്ത മാറ്റണം: കെ. സുരേന്ദ്രൻ
ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത അവസാനിപ്പിച്ച് ജന വികാരം മാനിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉപഗ്രഹ സർവേക്ക് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവേ നടത്തണം. സുപ്രീംകോടതിയിൽ നിന്ന് കേരളത്തിലെ കർഷകർക്ക് അനുകൂല വിധി നേടിയെടുക്കേണ്ട സർക്കാർ അലംഭാവമാണ് കാണിക്കുന്നത്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ജനത്തെ ഇടത് സർക്കാർ ശത്രുപക്ഷത്ത് നിറുത്തുകയാണ്. സർക്കാരിന്റെ ജനദ്രോഹ സമീപനത്തിനെതിരെ ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.