
ചോറ്റാനിക്കര: ഒരു റോഡ് തകർന്ന് തരിപ്പണമായിട്ട് കൊല്ലം രണ്ടായി. പ്രദേശവാസികൾ പലവട്ടം പരാതിപ്പെട്ടു; പ്രതിഷേധിച്ചു. അധികൃതർ ഒന്ന് തിരിഞ്ഞുപോലും നോക്കിയിട്ടില്ല.
മുളന്തുരുത്തി പഞ്ചായത്തിലെ അഞ്ചാംവാർഡ് ചെറുമക്കട നടുവിലെത്തടം റോഡിന്റേതാണ് ഈ ദുരവസ്ഥ. ഓട്ടോറിക്ഷക്കാരൊക്കെ ഈ റോഡിനെ ബഹിഷ്‌കരിച്ചുകഴിഞ്ഞു. ഇവിടെ നിന്ന് മുളന്തുരുത്തിക്ക് പോകണമെങ്കിൽ നാട്ടുകാർ നാല് കിലോമീറ്ററോളം നടക്കണം. വൃദ്ധരും ഗർഭിണികളും രോഗികളുമാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കുഴിമയമായ റോഡ് അപകടക്കെണിയാണ്. മഴ പെയ്‌താൽ റോഡ് മൊത്തം ചെളിക്കുളവുമാകും. ഏഴ് വർഷം മുമ്പ് പുനർനിർമ്മാണം നടത്തിയ റോഡാണിത്. ടാർ മുഴുവൻ ഇളകിപ്പോയിരിക്കുന്നു.