
കൊച്ചി: പ്രശസ്തമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിയമിതനായ അബ്രാഹ്മണ ശാന്തിക്കാരൻ നേരിട്ട ജാതിഅധിക്ഷേപത്തിലുള്ള നടപടി റിപ്പോർട്ട് കൊച്ചിൻ ദേവസ്വംബോർഡ് പൂഴ്ത്തി. ബന്ധപ്പെട്ടവരോട് വിശദീകരണം തേടുകപോലുമുണ്ടായില്ല. ബോർഡിൽ ആദ്യമായി നിയമിക്കപ്പെട്ട അബ്രാഹ്മണ ശാന്തിക്കാരിൽ ഒരാളായ വി. ദേവജിത്തിന്റെ പരാതിയാണ് തമസ്കരിച്ചത്.
2019 നവംബറിലാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന വില്വാദ്രിനാഥ ക്ഷേത്രത്തിലെ കുണ്ടിൽ അയ്യപ്പൻകാവിൽ ഈഴവ സമുദായാംഗമായ ദേവജിത്ത് ചുമതലയേറ്റത്. തിടപ്പള്ളിയിൽ ദേവജിത്തിന് പ്രവേശനം നിഷിദ്ധമായിരുന്നു. നിവേദ്യം വാതിലിന് പുറത്തുകൊടുക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇതിനെ ചോദ്യംചെയ്ത ദേവജിത്തിനെ ഭക്തരുടെ മുന്നിൽവച്ച് മേൽശാന്തി വാമനൻ നമ്പൂതിരിയും കീഴ്ശാന്തി കെ.ജി. രാജേഷും ചേർന്ന് ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ആട്ടിയോടിക്കുകയും ചെയ്തെന്നാണ് ദേവസ്വം പ്രസിഡന്റിന് നൽകിയ പരാതിയിൽ പറയുന്നത്.
ഭക്തർക്ക് മുന്നിൽവച്ച് ദേവജിത്ത് അസഭ്യം പറഞ്ഞെന്നും തന്ത്രിയുടെ അധികാരത്തെ ചോദ്യംചെയ്തെന്നും ശാന്തിക്കാരും പരാതിപ്പെട്ടു.
ദേവസ്വം മാനേജരും അസി. കമ്മിഷണറും അന്വേഷണം നടത്തി നടപടികൾക്കായി റിപ്പോർട്ട് സമർപ്പിച്ചു. സൂപ്രണ്ടും ഡെപ്യൂട്ടി സെക്രട്ടറിയും സെക്രട്ടറിയും ബോർഡ് യോഗത്തിൽ സമർപ്പിക്കാൻ കുറിച്ചെങ്കിലും ഫയൽ അനങ്ങിയിട്ടില്ല. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും എ.സിയുമായി ഫോണിൽ ബന്ധപ്പെട്ടശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നുമാണ് കഴിഞ്ഞവർഷം ഏപ്രിൽ 15ന് സ്പെഷ്യൽ കമ്മിഷണർ ഫയലിൽ രേഖപ്പെടുത്തിയത്. പിന്നെ ഈ ഫയൽ സുഷുപ്തിയിലാണ്. മേൽനടപടികൾ ഉണ്ടായിട്ടില്ല.
പരാതി സാധൂകരിക്കുന്ന രീതിയിലാണ് ദേവസ്വം മാനേജരുടെയും അസി. കമ്മിഷണറുടെയും റിപ്പോർട്ട്. ക്ഷേത്രംതന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ നിർദേശപ്രകാരമാണ് ദേവജിത്തിന്റെ തിടപ്പിള്ളി പ്രവേശനം വിലക്കിയതെന്നാണ് വാമനൻ നമ്പൂതിരിയുടെയും രാജേഷിന്റെയും മൊഴി.
ദേവജിത്തിന് ഇപ്പോൾ തിടപ്പള്ളിയിൽ കയറാൻ കഴിയുന്നതിനാൽ പ്രശ്നം പരിഹരിക്കപ്പെട്ടെന്നാണ് കൊച്ചിൻ ദേവസ്വംബോർഡ് നിലപാട്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയല്ലെന്നും ദേവസ്വം ബോർഡാണെന്നും ബോർഡ് പറയുന്നതാണ് ജീവനക്കാർ അനുസരിക്കേണ്ടതെന്നും അസി. കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.