ഫോർട്ടുകൊച്ചി: പുതുവർഷം, ബിനാലെ എന്നിവയോടനുബന്ധിച്ച് ഫോർട്ടുകൊച്ചിയിൽ അനുദിനം സന്ദർശകരുടെ എണ്ണംകൂടുന്ന സാഹചര്യത്തിൽ ഫോർട്ടുകൊച്ചി ബീച്ച് വൃത്തിയാക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കടലരികിൽ പായലും പ്ലാസ്റ്റിക് മാലിന്യവും അനുദിനം അടിഞ്ഞുകൂടുകയാണ്. ഇവ വേർതിരിച്ച് എടുത്ത് മാറ്റുകയാണ്. ജനുവരി ആദ്യ ആഴ്ചവരെ ശുചീകരണം തുടരുമെന്ന് കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ് അറിയിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി സാജൻ ജോൺ , ഹെറിറ്റേജ് സൊസൈറ്റി കമ്മിറ്റിഅംഗങ്ങളായ പി.എ. ഖാലിദ്, എം. ഉമ്മർ, വൈപ്പിൻ ജോണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.