koova

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് തോട്ടുവ കവലയിലെ വെയിറ്റിംഗ് ഷെഡ് ശോച്യാവസ്ഥയിൽ. 1980-82 കാലഘട്ടത്തിൽ അന്നത്തെ വാർഡ് അംഗവും പ്രസിഡന്റുമായിരുന്ന പി.വൈ പൗലോസ് ആധുനിക രീതിയിൽ പണി കഴിപ്പിച്ച വെയ്റ്റിംഗ് ഷെഡാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ നാശോന്മുഖമാകുന്നത്. ഇതുവരെ രണ്ട് പ്രാവശ്യം മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഷെഡിന്റെ മുകൾ ഭാഗം ചെരിഞ്ഞ് അടർന്നു യാത്രക്കാരുടെ ദേഹത്ത് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. അപകടം പതിവായതോടെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ കയറും ബോർഡും കെട്ടി വെയ്റ്റിംഗ് ഷെഡിൽ കയറാതിരിക്കാൻ അപകടസൂചന നൽകിയിരിക്കുകയാണ്. കൂവപ്പടി പഞ്ചായത്തിൽ പല പ്രാവശ്യം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുൻ എം.എൽ.എ. സാജു പോൾ എം.എൽ.എ. ഫണ്ടുപയോഗിച്ച് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല. എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിയും നിർമ്മിക്കിയെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല.

നിർമ്മാണത്തിന് റോഡിന്റെ പുറകുവശത്തുള്ള സ്ഥലക്കാർ തടസമ നിൽക്കുന്നതാണ് അറ്റകുറ്റപ്പണി നീണ്ടുപോകാൻ കാരണമെന്ന് കൂവപ്പടി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വൈ.പൗലോസ് ആരോപിച്ചു. വെയ്റ്റിംഗ് ഷെഡ് കൊണ്ട് ചേരാനല്ലൂരിൽ നിന്നും മുടക്കുഴ പഞ്ചായത്തിൽ നിന്നും വരുന്നവർക്കും ഗണപതി വിലാസം ഹൈസ്‌കൂൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന വിദ്ധ്യാർത്ഥികൾക്കും ഉപകാരപ്രദമാണ്. അടിയന്തരമായി വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്ന് പി.ഡബ്ല്യു.ഡി. മന്ത്രിയോടും ജില്ലാ കളക്ടറോടും കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയോടും പി.വൈ. പൗലോസ് ആവശ്യപ്പെട്ടു.