
പറവൂർ: ശബരിമല ധർമ്മശാസ്ത്രാ ആലങ്ങാട് യോഗത്തിന്റെ നേതൃത്വത്തിൽ ചെമ്പോല കളരിയിൽ അഞ്ച് ദിവസങ്ങളായി നടക്കുന്ന അയ്യപ്പമഹാസത്രം നാളെ തുടങ്ങും. സത്രാചാര്യൻ ഭാഗവത ചൂഡാമണി ഡോ. പള്ളിക്കൽ സുനിൽ മുഖ്യകാർമ്മികത്വം വഹിക്കും. ശബരിമല സന്നിധാനത്ത് നിന്നുള്ള അയ്യപ്പജ്യോതിയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന കൊടിമരവും വൈകിട്ട് നാലിന് ആലങ്ങാട് കാവിൽ എത്തിച്ചേരും. തുടർന്ന് വാദ്യമേളങ്ങളുടെയും നാടൻകലാരൂപങ്ങളുടെയും അകമ്പടിയോടെ സത്രവേദിയിലേക്ക് ആനയിക്കും. അഞ്ചരയ്ക്ക് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ധ്വജാരോഹണം നിർവഹിക്കും. സത്രാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ ഭദ്രദീപം തെളിക്കും. ആത്രശേരി രാമൻ നമ്പൂതിരിപ്പാട് വിഗ്രഹപ്രതിഷ്ഠ നടത്തും. യോഗം സമൂഹപെരിയോൻ കുന്നുകര രാജപ്പൻ നായർ, ഗോപാലകൃഷ്ണ മേനോൻ, ആർ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
സമ്മേളനം റിട്ട. ജസ്റ്രിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ശശിധരൻ എസ്. മേനോൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, ശശികുമാർ വർമ്മ, ഭാസ്കര വർമ്മ, പി.എസ്. ജയരാജ്, മാണി വിതയത്തിൽ, ആർ.വി. ബാബു, രജികുമാർ, പി.എസ്. ഇർഷാദ്, രമ്യ തോമസ്, പി.എം. മനാഫ്, എം.കെ. ബാബു, കെ.വി. പോൾ, കെ.വി. രവീന്ദ്രൻ, സജീവ്കുമാർ തത്തയിൽ തുടങ്ങിയവർ സംസാരിക്കും.
21ന് വൈകിട്ട് ഏഴിന് ഗുരുരത്നം ജ്ഞാനതപസ്വിയുടെ പ്രഭാഷണം. 22ന് വൈകിട്ട് ആറിന് സത്രവേദിയിലെത്തുന്ന പൂർണാമൃതാനന്ദപുരി സ്വാമിയെ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനാമൃതം. 23ന് രാവിലെ 11.30 ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രവേദി സന്ദർശിക്കും. വൈകിട്ട് നാലിന് ഹരിവരാസനം ശതാബ്ദി ആഘോഷസഭ വിശ്വരൂപൻ ഉദ്ഘാടനം ചെയ്യും. ശശിധരൻ എസ്. മേനോൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി അയ്യപ്പദാസ്, വി.കെ. വിശ്വനാഥൻ, എസ്.ജെ.ആർ. കുമാർ തുടങ്ങിയവർ സംസാരിക്കും. സമാപന ദിനമായ 25ന് വൈകിട്ട് സത്ര സമംഗള സഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്. മേനോൻ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.എൻ. സോമൻ, റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ, പി.എസ്. ജയരാജ് തുടങ്ങിയവർ സംസാരിക്കും. സ്വാമി വ്യാസ ചൈതന്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസാദഊട്ടോടെ സമാപിക്കും.