
മൂവാറ്റുപുഴ: അന്യ സംസ്ഥാന തൊളിലാളിയുടെ മകൻ സന്ദീപ് സി.എം.എ കോഴ്സ് വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പേഴക്കാപ്പിള്ളി . പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറേറിൻ കൂടിയായിരുന്ന സന്ദീപിനെ ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം സന്ദീപിനെ പൊന്നാടയണിച്ചു. സെക്രട്ടറി ടി. ആർ. ഷാജു, പ്രവർത്തകരായ സജി ചോട്ടുഭാഗത്ത് , കെ .എൻ. നാസർ , പി .എം. ഷാനവാസ് , വി. എം .റഫീക്ക്, സാലിഹ് മുഹമ്മദ് , സി .എ .മണി , ലൈബ്രേറിയൻ അൻസൽ അഫ്റഫ് എന്നിവർ സംസാരിച്ചു.
മൂന്നു വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായിട്ടാണ് മൂന്നാമത്തെ ചാൻസിൽ സന്ദീപ് സി.എം.എ കോഴ്സ് പാസായത്. അമേരിക്കൻ മാനേജ്മെന്റ് ഇൻസ്റ്റിസ്റ്റ്യൂട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് ഒഫ് മാനേജ്മെന്റ് അക്കൗണ്ടന്റ് കോഴ്സാണിത്.
കിഴക്കൻ യു.പിയിലെ വാരണാസിയിൽ നിന്ന് പാൻമസാല കച്ചവടത്തിനായി പിതാവ് റാംസജീവും അമ്മ ലക്ഷ്മീന ദേവിയും 28 വർഷങ്ങൾക്ക് മുമ്പാണ് പേഴയ്ക്കാപ്പിള്ളിയിൽ എത്തിയത്. പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്കൂളിൽ എൽ.പി. വിദ്യാഭ്യാസം സന്ദീപ് ആരംഭിച്ചത്. പത്താം ക്ലാസിൽ മികച്ച വിജയം നേടി. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠിച്ച് പാസായ സന്ദീപ് പേഴയ്ക്കാപ്പിള്ളി അറഫാ കോളേജിൽ നിന്ന് ബി. കോമിൽ ബിരുദം നേടി. കോളേജിൽ പഠിക്കുമ്പോഴാണ് പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ലൈബ്രറേറിയനായി ചുമതല ഏറ്റെടുത്തത് . നാലുവർഷം ലൈബ്രറേറിയനായി പ്രവർത്തിച്ചു.