k
ബിനാലേ വേദിയിൽ ദക്ഷിണ കൊറിയൻ സംഗീതജ്ഞ സിയോ ജുങ്മിൻ

കൊച്ചി: കൊറിയൻ ഈണങ്ങൾ ഒഴുകിയ ബിനാലെ വേദിയിലെ നൃത്തച്ചുവടുകൾ കൊച്ചിക്ക് പുതുമയായി. ഫോർട്ടുകൊച്ചി കൊച്ചിൻ ക്ലബ് ഓഡിറ്റോറിയത്തിൽ ദക്ഷിണ കൊറിയൻ സംഗീതജ്ഞ സിയോ ജുങ്മിനും അവരുടെ ബാൻഡും ചേർന്നൊരുക്കിയ 'യൂ ടോപിയ'യിലായിരുന്നു നാടോടി ഈണങ്ങളുടെയും ചുവടുകളുടെയും അപൂർവ സംഗമം.
25 തന്ത്രികളുള്ള ഗയാഗം എന്ന വാദ്യോപകരണത്തിലാണ് സിയോ ജുങ്മിൻ നാദവിസ്മയം തീർത്തത്. ഇതിനൊപ്പം സുഷിരവാദ്യവും ബാൻഡ് അംഗത്തിന്റെ നൃത്തച്ചുവടുകളും ചേർന്നതോടെ കൊറിയൻ നാട്ടരങ്ങിനു മുന്നിൽ ആസ്വാദകർ ആർത്തിരമ്പി.
കൊറിയൻ പരമ്പരാഗത സംഗീത പരിപാടി സിയോയും സംഘവും പുതുമകളോടെയാണ് അവതരിപ്പിച്ചത്. പ്രകൃതിയിലെ സൂക്ഷ്മ സ്വരങ്ങൾ പോലും സംഗീതത്തിൽ സന്നിവേശിപ്പിക്കുന്ന പ്രതിഭയാണ് സിയോ. ഒൻപതുവർഷമായി അന്താരാഷ്ട്ര വേദികളിൽ ഇവരുടെ ബാൻഡ് സജീവമാണ്.
കൊറിയൻ സാംസ്‌കാരിക-ടൂറിസം- കായിക മന്ത്രാലയം, കൊറിയൻ ആർട്‌സ് കൗൺസിൽ, ആർട്‌സ് മാനേജ്‌മെന്റ് സർവീസ് എന്നിവയുടെ സഹകരണത്തോടെ ബിനാലെ ഫൗണ്ടേഷനും ചെന്നൈ ഇൻകോ സെന്ററും ചേർന്നാണ് സംഗീതസായാഹ്നം ഒരുക്കിയത്.