കൊച്ചി: ഇരിങ്ങാലക്കുട സംഗമഗ്രാമ മാധവഗണിത കേന്ദ്രം ഏർപ്പെടുത്തിയ 11-ാമത് മാധവഗണിത പുരസ്‌കാരം വേദഗണിത പണ്ഡിതനും ഗ്രന്ഥകർത്താവുമായ എസ്. ഹരിദാസിന് സമർപ്പിക്കും. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് കളമശേരി എസ്.സി.എം.എസ് കോളേജിൽ 20, 21 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഭാരതീയ ജ്ഞാനപരമ്പര (ഐ.കെ.എസ്) കേന്ദ്രത്തിന്റെ നാഷണൽ കോ-ഓർഡിനേറ്റർ ഡോ. അനുരാധ ചൗധരി മുഖ്യാതിഥിയാകും. ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സഹസംയോജകനും മാധവഗണിത കേന്ദ്രം ഡയറക്ടറുമായ എ. വിനോദ് മുഖ്യ പ്രഭാഷണം നടത്തും.
ഭാരതീയ ഗണിതത്തെ അധികരിച്ച് ഡോ.വി.പി.എൻ നമ്പൂതിരി, കണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ഡോ.പി.സി. മുരളീ മാധവൻ, പി.ആർ. വിനോദ്നമ്പ്യാർ, പ്രൊഫ. ഗോപകുമാർ ചോലയിൽ, ഡോ. അശോകൻ, പ്രൊഫ. ജോർജ് എസ്. പോൾ, ചെത്തല്ലൂർ വിജയകുമാർ, ഡോ. മഹേന്ദ്രകുമാർ, ഡോ. അനിൽ നാരായണൻ, ഡോ. സിന്ധു റാണി, പ്രൊഫ. പാപ്പുട്ടി, ഡോ.ഉണ്ണികൃഷ്ണൻ, ഡോ. മാലിനി രാജഗോപാൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
22 ന് സംഗമഗ്രാമ മാധവന്റെ ജന്മഗൃഹത്തിലും ക്ഷേത്രത്തിലും പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.