കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കണ്ണംപറമ്പ് ആറാം വാർഡിൽ ഉൾപ്പെടുന്ന പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ വനാവകാശ ഊരു കൂട്ടവും കോളനിയിലെ 39 കുടുംബങ്ങൾക്ക് വനാവകാശ കൈവശരേഖ വിതരണവും നടത്തി. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ കോളനിയിലെ 17ഉം രണ്ടാംഘട്ടത്തിൽ 39ഉം കുടുംബങ്ങൾക്ക് വീതം കൈവശരേഖ വിതരണം നടത്തിയിരുന്നു. അവശേഷിക്കുന്ന 61 കുടുംബങ്ങൾക്ക് വനവകാശ കൈവശരേഖ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഊരു കൂട്ടത്തെ അറിയിച്ചു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വാർഡ് അംഗങ്ങളായ ശോഭന വിജയകുമാർ, ആൻസി ജോബി, ടി.ബിജു, ജിനു ബിജു, കെ.എസ്. ശശികല, വനവകാശ സമിതി പ്രസിഡന്റ് പരമേശ്വരൻ, കാണി മൂപ്പൻ രാമചന്ദ്രൻ, മൂവാറ്റുപുഴ ട്രൈബൽ ഡെപ്യൂട്ടി ഓഫീസർ അനിൽ ഭാസ്കരൻ, എസ്.ടി പ്രമോട്ടർ കെ.സജി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ.അനൂപ്, ചെല്ലമ്മ എന്നിവർ സംസാരിച്ചു. വേങ്ങൂർ കൃഷി ഓഫീസർ നിതീഷ് ബാബു കൃഷി അനുബന്ധമായ വാർഷിക പദ്ധതി വിശദീകരണം നടത്തി. ഊരു കൂട്ട നിർദ്ദേശപ്രകാരം ജാതിത്തൈയും കുറ്റി കുരുമുളക് തൈയും വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.