കൊച്ചി: മാനംമുട്ടേ വളർന്ന തെങ്ങ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെയിതാ കൊച്ചിയിൽ 'പാലംമുട്ടേ" വളർന്നു ഒരുതെങ്ങ്! കടവന്ത്രയിൽ എറണാകുളം- വൈറ്റില റൂട്ടിൽ എളംകുളം മെട്രോ സ്‌റ്റേഷൻ കഴിഞ്ഞുള്ള പാലത്തിന് സമീപത്താണ് ഈ തെങ്ങ്.
കനാലിന്റെ ഓരത്തു നിന്ന് വളർന്ന തെങ്ങ് മെട്രോ ട്രാക്കിന്റെ അടിവശം (വയഡക്ട്) വരെ വളർന്ന് പൊങ്ങിയെങ്കിലും അധികൃതർ കണ്ടമട്ടില്ല. അതീവ സുരക്ഷവേണ്ടിടത്ത് ഇങ്ങനെയൊരു തെങ്ങ് വളർന്ന് പൊങ്ങിയിട്ടും അധികൃതർ അനങ്ങാത്തതിൽ ആശ്ചര്യമാണെന്ന് ജനങ്ങളും പറയുന്നു. ആരോ ചിലർ കായ്ഫലമുള്ള തെങ്ങിൽ നിന്ന് വിളവെടുക്കുകയും ഓല മുറിച്ചെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
തെങ്ങ് മെട്രോഭൂമിയില്ലല്ലത്രേ!
തെങ്ങ് വളർന്ന് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മെട്രോ അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു. വയഡക്ടിന് സുരക്ഷാഭീഷണി ഉയർത്തുന്ന തരത്തിലാണോ തെങ്ങെന്ന് പരിശോധിക്കും. അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. തെങ്ങ് നിൽക്കുന്ന ഭൂമി മെട്രോയുടേതല്ലെന്ന സാങ്കേതിക പ്രശ്‌നമുണ്ട് ""
''ഇങ്ങനെ ഒരു തെങ്ങ് വളർന്നത് കണ്ടില്ലെന്ന് അധികൃതർ അറിയാത്തത് ഉത്തരവാദിത്വമില്ലായ്മയാണ്""
ദീപു,
ഓട്ടോറിക്ഷാ തൊഴിലാളി,
കടവന്ത്ര