
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്‌ടപരിഹാരമായി 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് സർക്കാർ പാലിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി.
റവന്യൂ റിക്കവറി നടപടികൾ എന്ന് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവുമായി ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡിസംബർ 23ന് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. റവന്യൂ റിക്കവറി നടപടികൾ പൂർത്തിയാക്കാൻ ജനുവരി 31നുശേഷം സമയം നീട്ടിനൽകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ സെപ്തംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിൽ വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കോടതിയലക്ഷ്യ ഹർജിയും നിയമവിരുദ്ധ ഹർത്താലിനെതിരെ മലയാളവേദിയും കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും നൽകിയ ഹർജികളുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കൾ കണ്ടെത്തി റവന്യൂ റിക്കവറി നടപടിയെടുക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നും, ഒരു മാസത്തിനകം നടപ്പാക്കുമെന്നും നവംബർ എട്ടിന് സർക്കാർ ഉറപ്പു നൽകിയിരുന്നു. നഷ്ടപരിഹാരം ഉറപ്പാക്കാൻ ക്ളെയിം കമ്മിഷണറെ നിയോഗിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടെത്താൻ കളക്ടർമാർ സഹായിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഒരു മാസത്തിനകം ഇത് പൂർത്തിയാക്കാനാവില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചതായി ഇന്നലെ അഡി. ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ക്ളെയിം കമ്മിഷണറുടെ ഓഫീസിനുള്ള സ്ഥലവും ഓഫീസിലേക്ക് ജീവനക്കാരെയും നൽകാൻ എറണാകുളം ജില്ലാ കളക്ടറോട് നിർദേശിച്ചിരുന്നെങ്കിലും കളക്ടറേറ്റിൽ സ്ഥലപരിമിതിയുള്ളതിനാൽ ഇതിന് കഴിയില്ലെന്ന് മറുപടി ലഭിച്ചെന്നും കളക്ടറുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഉണ്ടാക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ഹൈക്കോടതി
പറയുന്നു:
കോടതി നിർദേശങ്ങൾ അനുസരിക്കാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ല. പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുതാത്പര്യം മുൻനിറുത്തിയാണ് കോടതി നിർദേശങ്ങൾ നൽകിയത് . ഇവ നടപ്പാക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാട് എടുക്കാനാവില്ല.