അങ്കമാലി: അങ്കമാലി ഓൾഡ് മാർക്കറ്റ് റോഡിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ജനുവരി രണ്ടിന് സമാപിക്കും. രണ്ടായിരത്തിലധികം എൽ.ഇ.ഡി നക്ഷത്രങ്ങൾകൊണ്ട് അലങ്കരിച്ച് തെരുവുകൾ വർണ്ണാഭമാക്കിക്കഴിഞ്ഞു. വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ ഗതാഗതം സുഗമമാക്കും.
കലാ, സാംസ്കാരിക പരിപാടികളാണ് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പ്രധാന സവിശേഷത. വ്യാപാര സ്ഥാപനങ്ങളിലെ പർച്ചേസിംഗിന് ലഭിക്കുന്ന കൂപ്പണുകളിൽ നിന്ന് ദിവസേന തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. ജനുവരി 2 ന് നടക്കുന്ന സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നൽകി. നിനോ ജേക്കബ് ജനറൽ കൺവീനറായി അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.ജെ. ബേബി, നിക്സൺ മാവേലി, കെ.പി.സുധീർ, കെ.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.