കോതമംഗലം: നേര്യമംഗലം- ഇടുക്കി പനംകുട്ടി സംസ്ഥാന പാതയിൽ നേര്യമംഗലം മുതൽ പനംകുട്ടി വരെ റോഡിന് ഇരുവശവും കാട്കയറി യാത്ര ദുഷ്കരമാകുന്നു. കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള ഭാഗങ്ങളിൽ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഈറ്റയും മറ്റ് പാഴ്ച്ചെടികളും പടർന്ന് നിൽക്കുന്നത്. കരിമണൽ മുതൽ പാംബ്ല വരെയാണ് കൂടുതലായും ഈറ്റ വളർന്ന് നിൽക്കുന്നത്. നേര്യമംഗലം വാളറ വനമേഖലയോട് ചേർന്നുള്ള ഭാഗത്ത് രാത്രികാലങ്ങളിൽ കാട്ടാന നിന്നാൽ കാണാൻ കഴിയില്ലെന്ന് പതിവായി പോകുന്ന വാഹന യാത്രക്കാർ പറയുന്നു. കാട് പിടിച്ചയിടം വെട്ടിത്തെളിക്കേണ്ടത് വനം വകുപ്പാണ്. അതേസമയം, കാഴ്ച മറയ്ക്കുന്ന തരത്തിൽ കാട് പടർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.