cbse
സി.ബി.എസ്.ഇ സംസ്ഥാന ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാരായ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ബാസ്ക്കറ്റ്ബോൾ ടീം പ്രിൻസിപ്പൽ റവ.ഡോ.സിജൻ പോൾ, പരിശീലകൻ ഡോ. പ്രിൻസ് കെ.മറ്റം എന്നിവർക്കൊപ്പം

മൂവാറ്റുപുഴ: സംസ്ഥാന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ ജേതാക്കൾ. കൊല്ലം ചവറ സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് അമ്പതോളം ടീമുകൾ പങ്കെടുത്തു.

ശനിയാഴ്ച നടന്ന ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ എറണാകുളം ഗിരിനഗർ ഭവൻസ് സ്കൂളിനെ 57-15 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ കിരീടം ചൂടിയത്. സീനിയർ പെൺകുട്ടികളിൽ കോട്ടയം എസ്.എച്ച് മൗണ്ട് സ്കൂളിനെ 29-22ന് കീഴടക്കി ആലപ്പുഴ പുന്നപ്ര ജ്യോതി നികേതൻ പബ്ലിക് സ്കൂൾ ജേതാക്കളായി. സമാപന സമ്മേളനത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അരുൺകുമാർ ട്രോഫികൾ വിതരണം ചെയ്തു. സ്ട്രാറ്റ്ഫോർഡ് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ, പ്രിൻസിപ്പൽ വിജി വിനായക, വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ, കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ പ്രസിഡന്റ് ഡോ.സിജൻ പോൾ ഊന്നുകല്ലേൽ എന്നിവർ പങ്കെടുത്തു.