മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ മാലിന്യ മുക്ത പുഴയോരം പദ്ധതിയുടെ ഭാഗമായി തൊടുപുഴയാറിലെ പതിനാറാം വാർഡിലെ കൂരിപ്പിള്ളി കടവ് ശുചീകരിച്ച് ചെടികൾ നട്ടു.
രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങളും മറ്റും ഈ കടവിലായിരുന്നു തള്ളിയിരുന്നത്. ഇതോടെപ്രദേശം വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. കടവിൽ ഇറങ്ങാൻ പോലും ആളുകൾക്ക് ബുദ്ധിമുട്ടേണ്ടിവന്നു. പുഴയും മലിനമാകുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് മാലിന്യമുക്ത പുഴയോരം പദ്ധതിയിൽ ഉൾപ്പെടുത്തി കടവും പരിസരവും വൃത്തിയാക്കിയത്.
നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ വി.എ. ജാഫർ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അമൽ ബാബു, പി.വി. രാധാകൃഷ്ണൻ, ഫാ. ആന്റണി പുത്തൻകുളം, പേട്ട ഇമാം അൻവർ മൗലവി, എച്ച്.ഐമാരായ ലത, ഷീജ, എ.ഡി.എസ് ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ റഹ്മാൻ, ക്രിസ്റ്റഫർ ജോസഫ്, മധു നീലകണ്ഠൻ, പി.ജയചന്ദ്രൻ, ഹരിഹരൻ വട്ടത്തട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.