ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസായ കുട്ടമശേരി തുമ്പിച്ചാൽ ജലസംഭരണിയുടെ സംരക്ഷണത്തിന് കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് 'അമൃത സരോവർ' പദ്ധതിയിൽപ്പെടുത്തി 11.84 കോടിയുടെ വികസന പദ്ധതി തയ്യാറാക്കുന്നു. പദ്ധതി അന്തിമ അനുമതിക്കായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, തൊഴിലുറപ്പ് പദ്ധതി മിഷൻ കോ ഓർഡിനേറ്റർ അനുകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രീതി, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പി. ബാലചന്ദ്രൻ നായർ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

10.5 ഏക്കറോളം വരുന്ന തുമ്പിച്ചാൽ ചിറയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് അധികൃതർ ഉദ്യോഗസ്ഥ സംഘത്തെ ബോധ്യപ്പെടുത്തി. പിന്നീട് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വികസന പ്രവർത്തനങ്ങളും കുടുംബശ്രീ സംവിധാനങ്ങളുടെ പുരോഗതിയും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, സെക്രട്ടറി അബ്ദുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു. അതേസമയം, കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി തുമ്പിച്ചാൽ ജലസംഭരണി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനമിനിഷം പിന്മാറിയത് കാത്തുനിന്നവരെ നിരാശരാക്കി.

ഉച്ചയ്ക്ക് 12 മണിയോടെ കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥ സംഘവും തുമ്പിച്ചാൽ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഒരു മണിയായപ്പോൾ മന്ത്രി എത്തില്ലെന്നും കുട്ടനാട്ടിൽ മറ്റൊരു പരിപാടിക്കായി പോകുകയാണെന്നും അറിയിപ്പെത്തി.