sharath

കൊച്ചി: മദ്യപിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച് അവശരാക്കിയതാണ് അർജന്റീനയുടെ ആരാധകരായ അരുൺ ജോർജിനെയും ശരത്തിനെയും റിവിനെയും ജയിലിലെത്തിച്ചത്. ഞായറാഴ്ച രാത്രി 12.30ഓടെ കലൂരിലെ ബാറിന് മുന്നിലായിരുന്നു സംഭവം.

ബാറിലിരുന്ന് കളികണ്ട പ്രതികൾ അർജന്റീന വിജയിച്ചതോടെ ആഘോഷമായി പുറത്തേക്കിറങ്ങുകയായിരുന്നു. റോഡ് തടസപ്പെടുത്തിയായിരുന്നു ആഘോഷം. പൊലീസ് എത്തി മാറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂവരും പൊലീസുകാരെ മർദ്ദിച്ച് അവശരാക്കുകയായിരുന്നു. നിലത്തുവീണ പൊലീസുകാരനെ കാലിൽപ്പിടിച്ച് നിലത്തുകൂടെ വലിച്ചിഴക്കുകയും ചെയ്തു. ബിബിൻ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും മർദ്ദനം തുടർന്നു. ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.