പെരുമ്പാവൂർ: പെരുമ്പാവൂർ, ആലുവ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വല്ലംകടവ് - പാറപ്പുറം പാലം നിർമ്മാണം പൂർത്തിയായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ ഇരു കരകളിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പാലത്തിലൂടെ സഞ്ചാരം സാധ്യമാകുകയുള്ളൂ. പരിസരവാസികളുടെ പരാതി പരിഹരിച്ചശേഷം മാത്രമേ റോഡ് നിർമ്മാണം ആരംഭിക്കുകയുള്ളൂവെന്ന് എം.എൽ.എ പറഞ്ഞു.

പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ പാറക്കടവ് പ്രദേശത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. 2016 ലാണ് പാലം നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്. രണ്ട് വർഷമായി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇതേത്തുടർന്ന് പഴയ കരാറുകാരനെ ഒഴിവാക്കി ബാക്കിയുള്ള നിർമ്മാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു.


കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്. 22.22 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തയ്യാറാക്കിയത്. ഇതിൽ 12.89 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായപ്പോഴാണ് നിർമ്മാണം നിലച്ചത്. 288 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 3.25 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം.

പാലത്തിന്റെ അപ്രോച്ച് റോഡുകൂടി വരുന്നതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്താനാകും. കിഴക്കൻ ജില്ലകളിൽ നിന്നെത്തുന്നവർക്ക് എട്ട് കിലോമീറ്റർ യാത്ര ലാഭിക്കാം. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂർ, തുറവുംകര, പുതിയേടം പ്രദേശങ്ങളിലുള്ളവർക്ക് പെരുമ്പാവൂർ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമാകും.