മട്ടാഞ്ചേരി: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷയിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തെുടർന്ന് മത്സ്യത്തൊഴിലാളി പറവൂർ മുത്തകുന്നം സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടി തുടരും. 4 പേർക്കെതിരായ നടപടി പിൻവലിച്ചു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ, മുൻ സീനിയർ ക്ളാർക്ക് സി.ജെ. ഡെൽമ, സീനിയർ ക്ളാർക്ക് ഒ.ബി. അഭിലാഷ്, സെക്ഷൻ ക്ളാർക്ക് മുഹമ്മദ് അസ്ലം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും സീനിയർ സൂപ്രണ്ടായിരുന്ന ജോൺസൻ ജോർജിനെതിരെ വകുപ്പുതല നടപടിയെടുക്കുകയും ചെയ്‌തിരുന്നു.
സർക്കാർ തീരുമാന പ്രകാരം മദ്ധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് പേർക്കെതിരായ നടപടി പിൻവലിക്കാനും മൂന്ന് പേർക്കെതിരെ നടപടി തുടരാനും റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ബിനുരാജ് ഉത്തരവിറക്കിയത്.
ഷനോജ് കുമാർ, ഒ.ബി അഭിലാഷ്, മുഹമ്മദ് അസ്ലം എന്നിവർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.