
മാതൃകാപരമെന്ന് കളക്‌ടർ
തൃക്കാക്കര: കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ച, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളിലെ സംരംഭകരുടെ പ്രദർശന വിപണനമേള 'ഉണർവ് 2022" കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ മാതൃകാപരമാണെന്ന് കളക്‌ടർ പറഞ്ഞു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പാക്കുന്ന ശരണ്യ, കൈവല്യ, കെസ്റു, ജോബ് ക്ലബ്ബ്, നവജീവൻ സ്വയംതൊഴിൽപദ്ധതികളിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. രാവിലെ 10 മുതൽ 5 വരെയാണ് മേളയുടെ സമയം. 24 ന് മേള അവസാനിക്കും.
സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ. ബിന്ദു ആദ്യവില്പന നടത്തി. ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എ.എസ് അലാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വി.എസ്. ബീന, ലീഡ് ഡിസ്ട്രിക്ട് മാനേജർ പി.ഡി. മോഹൻകുമാർ, തൃക്കാക്കര വ്യവസായ വികസന ഓഫീസർ കെ.കെ. ദീപ, എംപ്ലോയ്മെന്റ് ഓഫീസർമാരായ സി.പി. ഐഷ, വി.ഐ. കബീർ, ജി. സജയൻ തുടങ്ങിയവർ സംസാരിച്ചു.