പെരുമ്പാവൂർ: വല്ലം ജംഗ്ഷനേയും പെരുമ്പാവൂർ-ആലുവ കെ.എസ്.ആർ.ടി.സി റോഡിലെ മുടിക്കൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന വല്ലം മുടിക്കൽ മിനി ബൈപ്പാസ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നഗരസഭ 1, 26, 27 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വല്ലം ജംഗ്ഷനിൽ നിന്ന് 2.6 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മുടിക്കൽ സബ്സ്റ്റേഷൻ ജംഗ്ഷനിൽ എത്തിച്ചേരാമെന്നതിനാൽ ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡ് ഉപയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റേയും നഗരസഭയുടേയും,വാഴക്കുളം ഗ്രാമപഞ്ചായത്തിന്റേയും കീഴിൽ വരുന്നതാണ് റോഡ്. പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗം കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. റയോൺപുരം-സൗത്ത് വല്ലംറോഡിൽ ഒരു കിലോമീറ്റർ വരുന്ന റയോൺസ് കമ്പനി കോംപൗണ്ട് പരിസരത്തെ റോഡാണ് പൂർണമായും തകർന്നത്. വല്ലം-മുടിക്കൽ മിനി ബൈപ്പാസ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ എം.ബി.ഹംസ എൽദോസ് കുന്നപ്പിള്ളി എം.എൽഎയ്ക്ക് പരാതി നൽകി.