കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡായ നിറപറയെ വിപ്രോ ഗ്രൂപ്പ് ഏറ്റെടുത്തു. ഗ്രൂപ്പിലുൾപ്പെട്ട വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് നിറപറയുമായി അന്തിമ കരാറിലെത്തി. കാലടി ആസ്ഥാനമായ കെ.കെ.ആർ ഗ്രൂപ്പിന്റെ ബ്രാൻഡാണ് നിറപറ. ഇടപാട് തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ലഘുഭക്ഷണ, സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയിൽ പ്രധാന കമ്പനിയാകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഏറ്റെടുക്കലെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സി.ഇ.ഒയും വിപ്രോ എന്റർപ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു .
നിറപറയുടെ ഉത്പന്നനിരയിൽ ഭൂരിഭാഗവും കേരളത്തിൽ പ്രിയപ്പെട്ടവയും ദൈനംദിനം ഉപയോഗത്തിനുള്ളവയുമാണ്. മസാലകളും അപ്പം, ഇടിയപ്പം, പുട്ട്, ദോശ, ഇഡലി എന്നിവയുണ്ടാക്കുന്ന അരിപ്പൊടിയും ഉത്പാദിപ്പിക്കുന്നതിൽ ബ്രാൻഡ് മുൻപന്തിയിലാണ്.
എറണാകുളം ജില്ലയിലെ കാലടിയിൽ 1976ൽ ആരംഭിച്ചതാണ് നിറപറ ബ്രാൻഡ്. കെ.കെ. കർണൻ ചെയർമാനായ കെ.കെ.ആർ ഗ്രൂപ്പിന് കീഴിൽ അരി, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന നിറപറയ്ക്ക് ഗൾഫ് ഉൾപ്പെടെ വിപണിയിൽ സാന്നിദ്ധ്യമുണ്ട്.
സുഗന്ധവ്യഞ്ജന മേഖലയിലേക്കുള്ള
ചുവടുവയ്പ്
സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് മേഖലയിലെ ചുവടുവയ്പ്പാണ് നിറപറ ഏറ്റെടുക്കലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പതിമൂന്നാം ഏറ്റെടുക്കലാണ്. നിറപറയുടെ ബിസിനസിന്റെ 63 ശതമാനം കേരളത്തിൽ നിന്നും 8 ശതമാനം മറ്റു സംസ്ഥാനങ്ങളിലും 29 ശതമാനം അന്താരാഷ്ട്ര വിപണിയിലുമാണ്.
ആധികാരികവും ശുദ്ധവും വിശ്വസനീയവുമായ സുഗന്ധവ്യഞ്ജനങ്ങളുടെ അസംഘടിത വിപണിയിൽ നിന്ന് സംഘടിത വിപണിയിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന് ഏറ്റെടുക്കൽ സഹായിക്കുമെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഫുഡ് ബിസിനസ് പ്രസിഡന്റ് അനിൽ ചുഘ് പറഞ്ഞു.