കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 സ്‌കൂൾ അത്‌ലറ്റിക്ക് മീറ്റിൽ കിരീടം ഉറപ്പിച്ച് വാഴക്കുളത്തെ കാർമൽ പബ്ലിക് സ്‌കൂൾ. 55 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 249 പോയിന്റോടെയാണ് കാർമലിന്റെ മുന്നേറ്റം.
എരൂർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളാണ് തൊട്ടുപിന്നിൽ; 165 പോയിന്റ്. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയാണ് മൂന്നാമത്; 127 പോയിന്റ്. മേള ഇന്ന് കൊടിയിറങ്ങും.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിലെ വാശിയേറിയ മത്സരത്തിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിനെ പിന്തള്ളി എരൂർ ഭവൻസ് വിദ്യാമന്ദിർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി; 28 പോയിന്റ്. വെള്ളൂർ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയയാണ് തൊട്ടുപിന്നിൽ; 16 പോയിന്റ്.
അണ്ടർ14 പെൺകുട്ടികളുടെ മത്സരത്തിൽ എരൂർ ഭവൻസ് വിദ്യാമന്ദിറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി തേവക്കൽ വിദ്യോദയ സ്‌കൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി; 25 പോയിന്റ്. ഒരുപോയിന്റ് വ്യത്യാസത്തിലാണ് ഭവൻസിന്റെ ഒന്നാം സ്ഥാനം തെറിച്ചത്.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ പബ്ലിക് സ്‌കൂൾ കുതിപ്പ് തുടരുന്നു. രണ്ടാംദിനം 33 പോയിന്റ് സ്വന്തമാക്കിയാണ് സ്‌കൂളിന്റെ മുന്നേറ്റം. അസീസി വിദ്യാനികേതനാണ് തൊട്ടുപിന്നിൽ; 34 പോയിന്റ്. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കനാട് അദർശ് വിദ്യാഭവനാണ് പോയിന്റ് പട്ടികയിൽ മുന്നിൽ; 57 പോയിന്റ്.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ പബ്ലിക് സ്‌കൂൾ തേരോട്ടം തുടരുന്നു, 84 പോയിന്റോടെ ബഹുദൂരം മുന്നിലാണ് കാർമൽ. തൊട്ടുപിന്നിലുള്ള ചിന്മയ വിദ്യാലയയ്ക്ക് 38 പോയിന്റേയുള്ളൂ. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിലും കാർമലാണ് ഒന്നാമത്; പോയിന്റ് 76.