നെടുമ്പാശേരി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമായി. കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിന് മുമ്പ് ആവണംകോട് കീഴ്പരിയാരം പ്രദേശത്ത് 50 സെന്റ് സ്ഥലത്തുണ്ടായിരുന്ന ശ്മശാനം പിന്നീട് 11 -ാം വാർഡിലെ ആവണംകോട് എയർപോർട്ട് സ്വീവേജ് പ്ലാന്റിന്റെ പുറകിലേക്ക് മാറ്റിയെങ്കിലും അസൗകര്യങ്ങൾ മൂലം പ്രവർത്തനരഹിതമാണ്.

ആലുവ, കപ്രശേരി,തെറ്റാലി, കുന്നുകര, കിടങ്ങൂർ എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളെയാണ് ഈ മേഖലയിലുള്ളവർ ആശ്രയിക്കുന്നത്. ശ്മശാനത്തിലേക്കുള്ള വഴി വിമാനത്താവളത്തിന്റെ സുരക്ഷാ പ്രശ്‌നം പറഞ്ഞ് ഗതാഗത യോഗ്യമാക്കിയിട്ടില്ല. മൂന്ന് പേരെ മാത്രമാണ് ഇവിടെ ഇതുവരെ സംസ്കരിച്ചിട്ടുള്ളത്. നിലവിൽ ശ്മശാനം കാടുപിടിച്ച് കിടക്കുകയാണ്. മൃതദേഹം കൊണ്ടുപോകുന്ന ഉന്തുവണ്ടി തുരുമ്പെടുത്ത് നശിച്ചു.

ശ്മശാനം അത്യാധുനികമായ രീതിയിൽ നിർമ്മിക്കണമെന്നും അതല്ലെങ്കിൽ ഈസ്ഥലം സിയാൽ ഏറ്റെടുത്തേശേഷം മറ്റൊരിടത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പൊതുശ്മശാനം പണിയണമെന്നും കോൺഗ്രസ് ആവണംകോട് 11-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, സിയാൽ എം.ഡി എസ്. സുഹാസ്, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് എന്നിവർക്ക് നിവേദനം നൽകി.