kerala

കൊച്ചി: ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിവിധ ലേലങ്ങൾ പിടിച്ചശേഷം തുക മുഴുവനടയ്ക്കാതെ കരാറുകാർ ക്രമക്കേട് കാട്ടുന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണംതേടി. പള്ളുരുത്തി സ്വദേശി അജയഘോഷ് ഷിനോജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

വൻതുകയ്ക്ക് കരാറെടുത്തശേഷം ആദ്യഗഡു മാത്രമടയ്ക്കും. ബാക്കിത്തുക അടയ്ക്കാതെ വൻതട്ടിപ്പാണ് കരാറുകാർ ഇവിടെ നടത്തുന്നതെന്നു ഹർജിയിൽ ആരോപിക്കുന്നു. ലേലത്തിലൂടെ വൻലാഭമുണ്ടാക്കുന്ന ഇക്കൂട്ടർ ബോർഡിന് വലിയതുക നൽകാനുണ്ട്. ഇക്കാര്യത്തിൽ അന്വേഷണംവേണം. ലേലനടപടികൾ സുതാര്യമാക്കാൻ കുടിശികയുള്ളവരെയും കരിമ്പട്ടികയിൽ ഉൾപ്പെട്ടവരെയും ലേലത്തിൽ പങ്കെടുപ്പിക്കരുതെന്ന് ഉത്തരവുണ്ട്. ഒരുവർഷംതട്ടിപ്പ് നടത്തിയശേഷം അടുത്തവർഷം മറ്റു പേരിലാകും ഇവർ ലേലത്തിൽ പങ്കെടുക്കുക. ഇവരെ സഹായിക്കുന്ന നിലപാടാണ് ദേവസ്വംബോർഡ് ജീവനക്കാർ സ്വീകരിക്കുന്നത്. കൃത്യസമയത്ത് ഓഡിറ്റിംഗ് നടത്തിയാൽ ഇത്തരം ക്രമക്കേടുകൾ കണ്ടെത്താനാവുമെന്നും ഹർജിയിൽ പറയുന്നു.