ആലുവ: ടെൻഡർ ചെയ്ത നാലാം വർഷത്തിലേക്ക് കടന്നിട്ടും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എരമം - കാമ്പിള്ളി റോഡിന്റെ പുനർനിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം. മന്ത്രി പി. രാജീവ് വിഷയത്തിൽ ഇടപെട്ടതോടെ നിർമ്മാണം വേഗത്തിലായിട്ടുണ്ട്.

പഞ്ചായത്തിലെ മുപ്പത്തടം കരകയേയും എരമം കരയേയും ബന്ധിപ്പിക്കുന്ന 200 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള റോഡാണ് ആറു മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്നത്. എടയാറ്റുചാലിന് കുറുകെയുള്ള റോഡിന് വീതി കുറവായതിനാൽ വാഹനാപകടം പതിവായിരുന്നു. ഇതിനു പരിഹാരമായാണ് റോഡിന്റെ വീതി കൂട്ടാൻ തീരുമാനിച്ചത്. റോഡിന് ഇരുവശവുമുള്ള ഭൂഉടമകൾ ആവശ്യമായ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. അന്നത്തെ സ്ഥലം എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് റോഡ് പുനർനിർമ്മാണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂത്തിയാക്കിയശേഷമാണ് നിർമ്മാണം ഇഴഞ്ഞത്. പല പ്രാവശ്യം കരാറുകാരൻ കലാവധി നീട്ടിവാങ്ങി. ഡിസംബർ ആദ്യവാരത്തിലാണ് നിർമ്മാണം പുനരാരംഭിച്ചത്. പണികൾ നടന്നുകൊണ്ടിരിക്കെ വീണ്ടും കാലാവധി നീട്ടി വാങ്ങാനുള്ള ശ്രമമുണ്ടായി. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബൂബക്കർ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവിനെ വിവരമറിയിച്ചു. കൂടാതെ പഞ്ചായത്ത് അംഗം ടി.ബി. ജമാലിനോടൊപ്പം എക്സിക്യുട്ടീവ് എൻജിനിയറെ നേരിൽകാണുകയുമുണ്ടായി. തുടർന്നാണ് റോഡിന്റെ പുനർനിർമ്മാണം വേഗത്തിലാക്കാൻ മന്ത്രി ഇടപെടൽ നടത്തിയത്.