കൊച്ചി: വായിക്കാൻ കഴിയാത്ത വ്യവസ്ഥ ഉപഭോക്താവിന് ബാധകമല്ലെന്ന് ഉപഭോക്തൃ കോടതി വ്യക്തമാക്കി. തൃക്കാക്കര സ്വദേശിയായ വിനോദ് ഇ. സ്‌റ്റെർലിംഗ് ഹോളിഡേ റിസോർട്ടിനെതിരെ നൽകിയ പരാതിയിൽ ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഇക്കാര്യം പറഞ്ഞത്.
ടൂർ പാക്കേജ് നടത്തുന്ന സ്ഥാപനത്തിൽ 40,160 രൂപ നൽകിയാണ് പരാതിക്കാരൻ മെമ്പർഷിപ്പ് എടുത്തത്. ക്രിസ്മസ് ഒഴിവു ദിനങ്ങളിൽ കുടുംബസമേതമുള്ള വിനോദയാത്ര ആസൂത്രണവും ചെയ്തു. എന്നാൽ യാത്രയ്ക്ക് രണ്ടാഴ്ച മുൻപേ പരാതിക്കാരന്റെ പിതാവിന് അർബുദബാധയുണ്ടെന്ന് കണ്ടെത്തി.
എതിർകക്ഷി ആവശ്യപ്പെട്ട പ്രകാരം യാത്ര റദ്ദാക്കിയതായി അറിയിച്ച് മെയിൽ അയച്ചെങ്കിലും പണം തിരിച്ചുനൽകിയില്ല. യാത്ര റദ്ദാക്കിയാൽ 60 ദിവസത്തിനകം പണം തിരിച്ചു നൽകാമെന്നായിരുന്നു വ്യവസ്ഥ.
ഭൂതക്കണ്ണാടി ഉപയോഗിച്ചാൽ പോലും വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തിലുള്ള എതിർകക്ഷിയുടെ വ്യവസ്ഥകൾ ഉപഭോക്താവിന് വായിക്കാൻ കഴിയില്ല. ഈ വ്യവസ്ഥകൾ ഏതെന്ന് അറിയാൻ യാതൊരു മാർഗവുമില്ല. ഉപഭോക്താവിന്റെ അവകാശവാദത്തിന് ഇത് എതിരാണെങ്കിൽ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടി എതിർ കക്ഷിക്ക് ബാദ്ധ്യതയിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.
40,160 രൂപ പലിശ സഹിതം തിരിച്ചു നൽകാനും 5,000 രൂപ വീതം നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകാനും എതിർ കക്ഷിക്ക് കോടതി നിർദ്ദേശം നൽകി. 30 ദിവസത്തിനകം പരാതിക്കാരന് തുക നൽകണമെന്നും നിർദ്ദേശിച്ചു