കൊച്ചി: സംഗീത പ്രേമികളെ ആനന്ദത്തിൽ ആറാടിക്കാൻ
വയലിൻ ഇതിഹാസം ഡോ.എൽ.സുബ്രഹ്മണ്യവും ഭാര്യയും ബോളിവുഡ് പിന്നണി ഗായികയുമായ കവിതാ കൃഷ്ണമൂർത്തിയും കൊച്ചിയിൽ ഇന്ന് ഒരേവേദിയിലെത്തുന്നു. പാടിവട്ടം അസീസിയ ഹാളിൽ വൈകിട്ട് ഏഴുമുതൽ ഒന്നര മണിക്കൂർ നീളുന്ന ഫ്യുഷൻ സംഗീത പരിപാടി അരങ്ങേറും. നോർവീജിയൻ ട്യൂബാ വിർച്യൂസോ എന്ന സംഗീതോപകരണത്തിൽ ലോകപ്രശസ്തനായ ഓസ്റ്റിൻ ബാഡ്‌സ്‌വിക് ഇവർക്കൊപ്പം ചേരും. പ്രവേശനം സൗജന്യം.
കൊച്ചിക്ക് പുറമേ ആലപ്പുഴ എസ്.ഡി. ഓഡിറ്റോറിയത്തിൽ 22നും തിരുവനന്തപുരം ടാഗോർ ഹാളിൽ 27നും സംഘം സംഗീതകച്ചേരികൾ അവതരിപ്പിക്കും.
ആലപ്പുഴയിൽ ശാസ്ത്രീയ സംഗീത പരിപാടിയും മറ്റു രണ്ടിടത്തും ഫ്യൂഷൻ സംഗീതവുമായിരിക്കുമെന്ന് സുബ്രഹ്മണ്യവും കവിതയും പത്രസമ്മേളനത്തിൽ പറഞ്ഞു. ലക്ഷ്മിനാരായൺ ഗ്ളോബൽ മ്യൂസിക്കൽ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് പരിപാടി. കേരളത്തിൽ സ്വരലയയാണ് പരിപാടിയുടെ സംഘാടകർ.
പിതാവ് ലക്ഷ്മിനാരായണന്റെ ഓർമ്മയ്ക്കായി 1992 മുതൽ നടത്തുന്നതാണ് പരിപാടിയെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ആലപ്പുഴയാണ് അദ്ദേഹത്തിന്റെ ജന്മനാട്. അതുകൊണ്ടാണ് ഒരു വേദി ആലപ്പുഴയായി നിശ്ചയിച്ചത്. ഓസ്റ്റിസ് ബാഡ്‌സ്‌വിക് 2014 മുതലാണ് സുബ്രഹ്മണ്യവുമായി കച്ചേരികളിൽ ഒന്നിക്കുന്നത്. സുബ്രഹ്മണ്യത്തിന്റെ മക്കളായ ബിന്ദു വോക്കലിലും അംബി വയലിനിലും പരിപാടിയിൽ പങ്കുചേരുന്നുണ്ട്.