നെടുമ്പാശേരി: നെടുമ്പാശേരി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കുറുക്കന്മാരുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നെടുമ്പാശേരി പഞ്ചായത്തിലെ 18ാം വാർഡിലും ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാർഡിലുമാണ് കുറുക്കന്മാരുടെ ശല്യം വർദ്ധിച്ചത്.

വീടുകളിലെ ആട്, കോഴി എന്നിവയെ ആക്രമിച്ചിട്ടും പഞ്ചായത്ത് - ഫോറസ്റ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതിനാൽ കുറുക്കന്മാരെ ആക്രമിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതാണ് പ്രദേശവാസികളെ കുഴയ്ക്കുന്നത്. കുറുക്കൻ ശല്യം രൂക്ഷമായതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ആളൊഴിഞ്ഞ പറമ്പുകളിലും കാടുകളിലുമാണ് കുറുക്കൻമാർ തമ്പടിക്കുന്നത്. നെടുമ്പാശേരിയിൽ കാംകോ കമ്പനിയുടെ പിന്നിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം മുതൽ പൊയ്ക്കാട്ടുശ്ശേരി, കുറുപ്പനയം പാടം, കഴുവൻകാട്, മരങ്ങാട് പാടശേഖരം, പുത്തൻതോട് പരിസരം, ചെങ്ങമനാട് പഞ്ചായത്തിലെ കുളവൻകുന്ന്, ചിറ പരിസരം, ചെങ്ങമനാട് ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെക്കുള്ള റോഡ് എന്നിവിടങ്ങളിലെല്ലാം ഒരുമാസമായി കുറുക്കന്മാരുടെ ശല്യമുണ്ട്.

പല സ്ഥലങ്ങളിലായി ചെറുതും വലുതുമായ 25 ഓളം കുറുക്കന്മാരെ കണ്ടതായി നാട്ടുകാർ പറയുന്നു. പലതിനും വലിയ നായയുടെ വലിപ്പമുണ്ട്. 10 വീടുകളിൽ നിന്ന് കോഴികളെ കുറക്കൻമാർ കൊന്നുതിന്നിരുന്നു. ആദ്യം രാത്രികാലങ്ങളിൽ മാത്രമാണ് ശല്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ പകലും റോഡുകളിലും ആളൊഴിഞ്ഞ വീടുകളുടെ മുറ്റത്തും അലഞ്ഞു തിരിയുകയാണ്.

കഴിഞ്ഞദിവസം രാത്രിയിലും പകലും ചെങ്ങമനാട് ക്ഷേത്ര പരിസരത്തു നിന്ന് കിഴക്കൻ മൂലയിലേക്കുള്ള റോഡിൽ കുറുക്കന്മാർ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് കണ്ട് നാട്ടുകാർ ഭയപ്പാടിലായി. കുറുക്കന്മാരുടെ ശല്യം തടയാൻ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.