
കൊച്ചി: പുഴയും വെള്ളച്ചാട്ടവും കടലും താണ്ടി, നെൽപ്പാടവും കാടും മലയും കയറിയുള്ള യാത്ര അവസാനിക്കുമ്പോൾ കൺമുന്നിൽ പുൽക്കൂട്ടിൽ പിറവിയെടുത്ത രാജാധിരാജൻ. എറണാകുളം പുത്തൻവേലിക്കര കീഴൂപ്പാടത്ത് ഒരുങ്ങുകയാണ് റെക്കാഡ് പട്ടികയിൽ ഇടമുറപ്പുള്ള 'യമണ്ടൻ'ക്രിസ്മസ് വില്ലേജ്. നാട്ടുകാരൊന്നിച്ച് 2.5 ഏക്കറിലാണ് വിസ്മയലോകം ഒരുക്കുന്നത്. നാല് മാസം കൊണ്ട് ഏഴ് ലക്ഷത്തോളം രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന വില്ലേജ് 24 മുതൽ ജനുവരി രണ്ട് വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രവേശനമെല്ലാം സൗജന്യമാണ്. 75 സെന്റ് സ്ഥലത്ത് ഒരുക്കിയ ക്രിസ്മസ് വില്ലേജിനാണ് നിലവിൽ ലിംക ബുക്ക് റെക്കാഡ്.
കീഴൂപ്പാടം സൽബുദ്ധിമാതാ ദേവാലയത്തിന്റെ സഹകരണത്തോടെയാണ് വില്ലേജ് ഒരുക്കുന്നത്. വികാരി ഫാ. ആന്റണി ചില്ലിട്ടശേരിയാണ് വില്ലേജ് ഒരുക്കാൻ മുൻപന്തിയിൽ. ദേവാലയത്തോട് ചേർന്നുള്ള റബ്ബർ തോട്ടം 1500 അടയ്ക്കാമരങ്ങൾ കൊണ്ട് അടച്ചുകെട്ടിയാണ് വില്ലേജായി മാറ്റുന്നത്. ആർട്ടിസ്റ്റ് ജോബി കോളരിക്കലിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കം 600ലധികം നാട്ടുകാരാണ് പ്രതിഫലമൊന്നും വാങ്ങാതെ വില്ലേജ് ഒരുക്കാൻ പ്രവർത്തിക്കുന്നത്. നേരത്തെ 25 സെന്റ് സ്ഥലത്ത് ക്രിസ്മസ് വില്ലേജ് ഒരുക്കി കീഴൂപ്പാടം ശ്രദ്ധനേടിയിരുന്നു. ആറ് വർഷത്തോളം ഇതുസാധിച്ചില്ല. ആറുവർഷത്തെ ഇടവേളയുടെ ക്ഷീണം മാറ്റുകയും കൂറ്റൽ വില്ലേജ് ഒരുക്കലിന് പിന്നിലുണ്ട് !
ക്ലാസ് ക്ലാസായി
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിവിപത്തിനെതിരെ കീഴൂപ്പാടം പള്ളി വികാരിയുടെ നേതൃത്വത്തിൽ അഞ്ച് മാസം മുമ്പ് യുവാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് ഒരുക്കിയിരുന്നു. ക്ലാസ് പൂർത്തിയായതിന് പിന്നാലെ പങ്കെടുത്ത 150ലധികം വിദ്യാർത്ഥികളും ചെറുപ്പക്കാരും ക്രിസ്മസ് വില്ലേജ് തിരിച്ചുകൊണ്ടുവരണമെന്ന ആശയം മുന്നോട്ടുവച്ചു. വികാരി ആന്റണി മുന്നിട്ടറങ്ങിയതോടെയാണ് 2.5 ഏക്കറിൽ വില്ലേജ് ഒരുക്കാൻ നാട് ഒന്നിച്ചുനിൽക്കുകയായിരുന്നു.
രാവും പകലാക്കി
ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും മടങ്ങിയെത്തിയതിന് ശേഷമാണ് വില്ലേജിന്റെ നിർമ്മാണം തുടങ്ങുന്നത്. ഇത് പാതിരാ വരെ നീളും. അടുത്തിടെ പെയ്ത മഴയിൽ നിർമ്മിച്ചവയെല്ലാം തകർന്നുവീണു. ഇപ്പോൾ രാപ്പകൽ ജോലിയിലാണ് നാട്ടുകാർ. 22നാണ് ട്രയൽ റൺ.
ലഹരിക്കെതിരെയുള്ള പോരാട്ടം കൂടിയാണിത്. യുവാക്കളെല്ലാം വില്ലേജ് ഒരുക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. മറ്റ് പരിപാടികൾ ആവിഷ്കരിച്ച് പോരാട്ടം തുടരാനാണ് ആലോചിക്കുന്നത്
ആന്റണി ചില്ലിട്ടശേരി
ഇടവക വികാരി
കീഴൂപ്പാടം