കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിച്ച ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ്. എൽ.പി. സ്കൂളിലെ കുഞ്ഞുങ്ങൾക്ക് സ്വന്തമായി കൊച്ചി മെട്രോ കോച്ചുണ്ട്. എൻജിനും മൂന്നു കോച്ചുകളും വേണമെങ്കിൽ ഒറ്റ ക്ളാസ് മുറിയാക്കാം. ഒരു സീറ്റിൽ രണ്ട് പേർ വച്ച് 26 കുട്ടികൾക്ക് ഇരിക്കാം. ടീച്ചർക്ക് നിൽക്കാൻ പറ്റില്ലെന്നു മാത്രം.
മെട്രോയ്ക്ക് ചുറ്റും ജിറാഫുകളും പരുന്തും പ്രാവും അണ്ണാനും മറ്റ് ജീവികളുമുണ്ട്. റോഡ് നിയമങ്ങൾ പഠിക്കാൻ ചെറിയ റോഡും സ്കൂൾ മുറ്റത്ത് റെഡിയാണ്. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയ്ക്ക് മുമ്പിൽ ഇടപ്പള്ളി രാഘവൻ പിള്ള റോഡരികിലുള്ള സ്കൂൾ വളപ്പിലെ മെട്രോ കോച്ച് മാതൃകയും മൃഗരൂപങ്ങളും ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നുണ്ട്.
സമഗ്ര ശിക്ഷാ കേരളത്തിന്റെ വർണക്കൂട് പദ്ധതിയുടെ ഭാഗമായാണ് കോൺക്രീറ്റിൽ സ്കൂൾ മുറ്റത്ത് മെട്രോ കോച്ചിന്റെ മാതൃക പണിതത്. പത്ത് ലക്ഷം രൂപയുടെ പദ്ധതിയിൽ ഇവ കൂടാതെ സ്കൂളിൽ മറ്റ് കളിപ്പാട്ടങ്ങളും ഉണ്ടാകും. പാഠ്യവിഷയങ്ങൾ നേരിൽ കണ്ട് പഠിക്കണമെന്ന് പുതിയ പാഠ്യപദ്ധതി പ്രകാരമാണ് സ്കൂളുകളിൽ ഇത്തരം മാതൃകകൾ സൃഷ്ടിക്കുന്നത്. ജില്ലയിലെ 12 സ്കൂളുകളിൽ ഈ പദ്ധതി
നടപ്പാക്കുന്നുണ്ട്. ചില സ്കൂളുകളിൽ ഹെലികോപ്ടറും മറ്റ് മോഡലുകളുമാണ് നിർമ്മിക്കുന്നത്.
25 ദിവസം
ആർട്ട് ഡിസൈനർ രാജു കോട്ടുവള്ളിയുടെ നേതൃത്വത്തിൽ 25 ദിവസം കൊണ്ടാണ് കൊച്ചി മെട്രോയുടെ അതേ മാതൃകയിൽ നിറത്തിൽ കോച്ചുകൾ നിർമ്മിച്ചത്. കോൺക്രീറ്റും ഇരുമ്പ് നെറ്റുമാണ് ഉപയോഗിച്ചത്. അകത്ത് ചൂട് കുറയ്ക്കുന്ന രീതിയാണ് അവലംബിച്ചത്. വാഴക്കുളത്തെ നീരമ്പുഴ, വളയൻചിറങ്ങര എൽ.പി. സ്കൂളിലും ഇതേ കോച്ചുകൾ നിർമ്മിച്ചിട്ടുണ്ട്. നീരമ്പുഴയിൽ ഉദ്ഘാടനവും കഴിഞ്ഞു. ജില്ലയിലെ 12 സ്കൂളുകളിലും രാജു തന്നെയാണ് പദ്ധതി നിർവഹിക്കുന്നത്.
അവശേഷിക്കുന്ന കുറച്ചുപണികൾ തീർത്ത് എത്രയും വേഗം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് നീക്കം. കുട്ടികൾ അതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇരുന്നൂറോളം കുട്ടികളാണ് സ്കൂളിലുള്ളത്. 26ന് സ്വാഗതസംഘം രൂപീകരിക്കും.
വി.പി.ആഗ്നസ്
ഹെഡ്മിസ്ട്രസ്