
പറവൂർ: ലോകത്തെ വിവിധഭാഗങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം തേടി ഒട്ടേറെപ്പേർ എത്തുംവിധം കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി ഉയർത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. വിജ്ഞാനകേരളത്തെ സൃഷ്‌ടിക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ.
ചേന്ദമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ ചെയർപേഴ്സൺ കമല സദാനന്ദൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ടി.ആർ. ലാലൻ, കെ.എസ്. ശിവദാസ്, പി.എ. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി റീന റാഫേൽ എന്നിവർ സംസാരിച്ചു.
'ഭൂമിതരംമാറ്റലിന്റെ മറവിൽ
നികത്തൽ അനുവദിക്കില്ല"
ഭൂമി തരംമാറ്റലിന്റെ മറവിൽ കൃഷിഭൂമി മണ്ണിട്ട് നികത്താൻ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട സാധാരണക്കാരന്റെ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നുണ്ട്. കേരളത്തിലെ 27 ആർ.ഡി ഓഫിസുകളിൽ ഫോർട്ട്കൊച്ചിയും കോഴിക്കോടും ഒഴികെ 25 ഇടത്തും ജനുവരി 31 വരെ ഓഫ്ലൈനായി നൽകിയ അപേക്ഷകൾ തീർപ്പാക്കി. ഫെബ്രുവരി മുതൽ ഓൺലൈനായും അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.