കോലഞ്ചേരി: കലാവസ്ഥയുടെ അപ്രതീക്ഷിത വ്യതിയാനം ഇരുട്ടടിയായതോടെ കൃഷിഭൂമികളിൽ വിളയുന്നത് കർഷകന്റെ കണ്ണീർ. മുൻവർഷങ്ങളിൽ പ്രളയവും കൊവിഡുമാണ് വലച്ചതെങ്കിൽ ഇപ്പോൾ നോവിക്കുന്നത് കാലാവസ്ഥയാണ്. ഇക്കുറി ചൂട് കനക്കുമെന്ന മുന്നറിയിപ്പുമായി ഇപ്പോഴേ കൃഷിയിടങ്ങൾ കൊടുംചൂടിൽ വിയർത്ത് വാടിത്തുടങ്ങി.

ദിവസം ചെല്ലുന്തോറും ചൂടിന്റെ കാഠിന്യം ഏറുന്നു. അപ്രതീക്ഷിത മഴയിൽ കൃഷിയും നശിക്കുന്നതിനാൽ കണ്ണീർവാർക്കുകയാണ് കർഷകർ. കൊക്കോ മരങ്ങളിലെ പൂക്കൾ കരിഞ്ഞുണങ്ങുന്നത് കാർഷിക മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. വിളവെടുപ്പിനു മുന്നേ വാടിത്തളർന്ന കുരുമുളക് ചെടിയും വർഷത്തിൽ എല്ലാമാസവും വിളവ് ലഭിച്ചിരുന്ന ജാതി മരങ്ങളിൽ ഉണക്ക് ബാധിച്ച് തുടങ്ങിയതും ശുഭസൂചനയല്ലെന്നാണ് കർഷകർ പറയുന്നത്.

അപ്രതീക്ഷിത മഴ മാമ്പൂക്കളേയും നശിപ്പിച്ചു. ഉണ്ണിമാങ്ങ അപൂർവമായാണ് പിടിച്ചിരിക്കുന്നത്. വിവിധ സ്വാശ്രയ വിപണിക്ക് കീഴിലുള്ള നൂറിലധികം കർഷകരുടെ ഏകദേശം 300 ഏക്കറോളം സ്ഥലത്തെ വാഴകൃഷി ചൂടിന്റെ കാഠിന്യത്താൽ തണ്ടുചീഞ്ഞ നിലയിലാണ്. കനത്ത കാ​റ്റിലും വാഴകൾ നിലംപൊത്തി. കായ മൂപ്പെത്താതെ ഒടിഞ്ഞതിനാൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല.

സംരക്ഷിക്കാം വിളകളെ...

ഉണക്ക് ബാധിക്കാതെ വിളകളെ രക്ഷിക്കാൻ വഴിയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 40 കിലോഗ്രാം ചാണകം, 10 ലി​റ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര എന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണച്ചാക്കിൽ നിറച്ച് ചാക്ക് വീപ്പയ്ക്കുള്ളിൽ നൂറ് ലി​റ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി ഇറക്കിവയ്ക്കണം.

തുടർന്ന് വെള്ളത്തിൽ പൂർണമായും അലിയിച്ചശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രേ ചെയ്ത് ഉണക്ക് ബാധിക്കാതെ വിളകളെ സംരക്ഷിക്കാം. വിപണിയിൽ നിന്ന് പി.പി.എഫ്.എം ബാക്ടീരിയൽ ലായനി വാങ്ങി 10 മില്ലി ലി​റ്റർ ഒരു ലി​റ്റർ വെള്ളത്തിൽ നേർപ്പിച്ച് 15 ദിവസം കൂടുമ്പോൾ സ്‌പ്രേ ചെയ്തും വരൾച്ചയെ പ്രതിരോധിക്കാമെന്ന് കൃഷി ഓഫീസർ അഞ്ജു പോൾ പറഞ്ഞു.