hinduikkavathi-paravur-

പറവൂർ: സംസ്കാരം മറന്ന ജനത സുഖനിദ്ര‌യിലാണ്ടപ്പോഴാണ് രാഷ്ട്രം അടിമത്തത്തിലേക്കും അധിനിവേശത്തിലേക്കും വഴുതിവീണതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി വടക്കേക്കര പ്രവർത്തക കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം സംസ്കാരത്തെ കുറിച്ച് ബോധമുള്ള ജനത ഉണർന്നിരിക്കുന്നിടത്തോളം കാലം ഭാരതത്തെ തളർത്താൻ ഇനി ഒരു ശക്തിക്കുമാവില്ല. രാജ്യത്തെ യുവാക്കളെ ലഹരിക്കടിമകളാക്കി രാഷ്ട്രത്തെ തന്നെ തകർക്കാൻ കഴിയുന്ന ആയുധമായി മയക്കുമരുന്ന് മാറിക്കഴിഞ്ഞു. അതിനാൽ,​ 'എന്റെ രാജ്യം എനിക്ക് ലഹരി" എന്ന ആപ്തവാക്യം നെഞ്ചേറ്റി പ്രവർത്തിക്കണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

കുടുംബ സംഗമം നടി ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അനിരുദ്ധൻ തന്ത്രി, ആർ.വി.ബാബു എന്നിവർ ചേർന്ന് പഴയ കാലപ്രവർത്തകരെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ആദരിച്ചു. എം.സി. സാബു, പി.സി. ബാബു, പ്രൊഫ. കെ. സതീശബാബു, പി.ആർ. സുബ്രഹ്മണ്യൻ, കെ.എസ്. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.