kaumud

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തുമ്പിച്ചാൽ തടാകത്തിൽ വിഷമാലിന്യം ഒഴുക്കിയ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന പരിസ്ഥിതി മലിനീകരണ ബോർഡിനും ആരോപണ വിധേയരായ വ്യവസായ സ്ഥാപനങ്ങൾക്കുമെതിരെ പ്രതിഷേധം ശക്തം.

നവംബർ 20നാണ് തുമ്പിച്ചാലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. തടാകത്തിലെ താമരകളും രാസമാലിന്യ ചോർച്ചയിൽ വ്യവസായ സ്ഥാപനങ്ങൾക്ക് സമീപത്തെ പുല്ലുകളും കരിഞ്ഞുണങ്ങുകയും ചെയ്തിരുന്നു. പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നും ജനകീയ പ്രതിഷേധത്തെ തുടർന്നും സ്ഥലത്തെത്തിയ പി.സി.ബി അധികൃതർ ജല സാമ്പിൾ പരിശോധിച്ചശേഷം പുറത്തുവിട്ട റിപ്പോർട്ടിലാണ് ആരോപണവിധേയരായ വ്യവസായശാലകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതെന്നാണ് ആക്ഷേപം.

തോടുകളിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും ക്വാളിഫോം ബാക്ടീരിയ കൂടുതലാണെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഗാർഹിക മാലിന്യവും കൂടിയെന്നും ഓക്സിജന്റെ അളവ് കുറവാണെന്നും റിപ്പോർട്ടിലുണ്ട്. വിഷമാലിന്യം ഒഴുക്കിയ നാലാംമൈൽ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് പി.സി.ബി സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

വ്യവസായശാലയിൽ നിന്നുള്ള രാസമാലിന്യം തോടുവഴി ഒഴുകിയപ്പോൾ ചോർന്നാണ് വഴിയിലെ പുല്ലും മരങ്ങളും ഉണങ്ങിയതെന്ന് പി.സി.ബിയെ നാട്ടുകാർ ബോദ്ധ്യപ്പെടുത്തിയതാണ്.

എന്നിട്ടും വസ്തുതാവിരുദ്ധമായ റിപ്പോർട്ടാണ് പി.സി.ബി തയ്യാറാക്കിയതെന്നാണ് ആക്ഷേപം. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ തുമ്പിച്ചാൽ കീഴ്മാട് ഗ്രാമവാസികളുടെ കുടിവെള്ളത്തിന്റെ മുഖ്യ ഉറവിടമാണ്. ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി ശുചീകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ജലശക്തി അഭിയാൻ പദ്ധതിയിലൂടെ 11 കോടി രൂപയുടെ വികസനത്തിനും അനുമതി കാത്തിരിക്കുകയാണ് തുമ്പിച്ചാൽ തടാകം.

കളക്ടർക്ക് പരാതി

തുമ്പിച്ചാൽ തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും താമരകൾ കരിഞ്ഞുണങ്ങുകയും ചെയ്തസംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന പി.സി.ബിക്കെതിരെയും കുറ്റക്കാരായ വ്യവസായ സ്ഥാപനങ്ങൾക്കെതിരെയും നടപടിയാവശ്യപ്പെട്ട് ചാലക്കൽ ഡോ. അംബേദ്കർ ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.