#തിരിച്ചുപിടിച്ച് സൈബർ പൊലീസ്
ആലുവ: മൊബൈൽ സിം കാർഡിന്റെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാൻ പറഞ്ഞെത്തിയ സന്ദേശത്തിന് മറുപടി നൽകിയ വൈപ്പിനിലെ യുവാവിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ എറണാകുളം റൂറൽ ജില്ലാ സൈബർ സെൽ പണം തിരികെയെടുത്ത് നൽകി.
പ്രമുഖ കമ്പനിയുടെ സിമ്മിന്റെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. വിശദാംശം അറിയുന്നതിന് ബന്ധപ്പെടാൻ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന മൊബൈൽ നമ്പർ നൽകി. മൊബൈൽ കണക്ഷൻ വിച്ഛേദിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് യുവാവ് ഉടൻ നമ്പറിൽ ബന്ധപ്പെട്ടു. മൊബൈൽ കമ്പനിയുടെ ജീവനക്കാരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഫോണിൽ സംസാരിച്ചത്. മൊബൈൽ കമ്പനിയുടേതെന്ന് പറഞ്ഞ് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് 15 രൂപ ആപ്പിലൂടെ ചാർജ് ചെയ്യാൻ പറഞ്ഞു. ചാർജ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് രണ്ട് പ്രാവശ്യമായി ഒരു ലക്ഷത്തോളം രൂപ തട്ടിപ്പുസംഘം കൈക്കലാക്കി.
യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി സൈബർ സെല്ലിന് കൈമാറി. തട്ടിയെടുത്ത തുക ഉപയോഗിച്ച് സംഘം എയർ ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തി. ഉടൻ സെൽ ഇടപെട്ട് ഇടപാടുകൾ മരവിപ്പിക്കുകയും നഷ്ടപ്പെട്ട തുക യുവാവിന്റെ അക്കൗണ്ടിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു. എ.എസ്.ഐ ടി.ബി. ബിനോയി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ആർ. രാഹുൽ, സി.പി.ഒ സി.എ. ജെറീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പണം തിരികെ ലഭ്യമാക്കിയതിന് യുവാവ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ നേരിൽ കണ്ട് നന്ദി പറഞ്ഞു.