bus

ആലുവ: ആലുവയിൽ സിറ്റി ബസുകൾ നഗരത്തിൽ കയറാതെ നിയമവിരുദ്ധമായി വഴിമാറിയോടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.

എറണാകുളത്ത് നിന്നെത്തുന്നവ ബൈപാസ്, ബാങ്ക് കവല, പാലസ് റോഡ്, പമ്പ് കവല, സീനത്ത്, റെയിൽവേ, കെ.എസ്.ആർ.ടി.സി, ജില്ലാ ആശുപത്രി, കാരോത്തുകുഴി വഴി സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിക്കണം.

ഇതിന് വിരുദ്ധമായി മാർക്കറ്റ് ഭാഗത്ത് നിന്ന് അണ്ടർപാസ് വഴി നേരിട്ട് സ്വകാര്യ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് പതിവായതോടെ ഇവിടെ നഗരസഭയും ട്രാഫിക്ക് പൊലീസും ഇടപ്പെട്ട് വഴിയടച്ചു.

എന്നാൽ,​ ടൗണിലേക്ക് പ്രവേശിക്കാതെ മെട്രോ പില്ലർ 21നും 22നും ഇടയിൽ ചെറുവാഹനങ്ങൾക്ക് പോകാനായുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുകയാണ് ഇപ്പോൾ ബസുകൾ. ഇത് ഈ ഭാഗത്ത് അപകടഭീതിയും ഉയർത്തിയിട്ടുണ്ട്. യാത്രക്കാരെ ഇറക്കിയ ശേഷമാണ് ബസ് മുകളിലേക്ക് കയറ്റുന്നത്. തുടർന്ന് വീണ്ടും ബസിൽ കയറ്റും. ആരെങ്കിലും പ്രതിഷേധിച്ചാൽ ജീവനക്കാരുടെ ഭീഷണിയും കേൾക്കേണ്ടിവരും.

പരാതിയുമായി പൗരാവകാശ സമിതി

നഗരം ചുറ്റാത്ത ബസുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകുമെന്ന് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് പറഞ്ഞു.