ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി വരെയുള്ള പൈപ്പ്‌ലൈൻ റോഡ് നവീകരിക്കുന്നതിന് എൻ.ഒ.സി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിട്ടിക്ക് കത്ത് നൽകി.

ടൈൽ വിരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നെടുമ്പാശേരി ഡിവിഷൻ മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജെ. ജോമി ഒരുകോടി രൂപ അനുവദിച്ചിരുന്നു. എൻ.ഒ.സി നൽകണമെന്നാവശ്യപ്പെട്ട് ഒറിജിനൽ എസ്റ്റിമേറ്റും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും എം.ജെ ജോമി, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് എക്സിക്യുട്ടീവ് എൻജിനിയർക്ക് കൈമാറിയത്.

എൻ.ഒ.സിക്കായി എം.ഡിക്ക് അപേക്ഷ നൽകുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. നെടുമ്പാശേരി ഡിവിഷനിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച 2.25 കോടി രൂപയിൽ നിന്ന് ഒരുകോടി രൂപയാണ് പൈപ്പ്‌ലൈൻ റോഡ് നവീകരണത്തിനായി അനുവദിച്ചത്.